പാലംപൂര്‍- അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാതി പിന്നിട്ടെന്നും 2023 അവസാനത്തോടെ പൂര്‍ത്തിയാകുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ത്രിലോക് കപൂറിന് വേണ്ടി പ്രചാരണം നടത്തുകയായിരുന്നു അദ്ദേഹം. ക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള പ്രമേയം ബിജെപി ആദ്യം പാസാക്കിയതെന്ന് പാലംപൂരില്‍ വെച്ചായിരുന്നുവെന്ന് ആദിത്യനാഥ് പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാതിവഴി കടന്നിരിക്കുന്നു. 500 വര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് 2023 അവസാനത്തോടെ മഹാക്ഷേത്രം നിര്‍മ്മിക്കപ്പെടുന്നതെന്ന് ആദിത്യനാഥ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിര്‍ണ്ണായകവും ശക്തവുമായ നേതൃത്വമാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് സഹായകമായതെന്നും ചരിത്രപരമായ നിര്‍മാണമാണിതെന്നും അദ്ദേഹം പറഞ്ഞു.
അന്നി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ലോകേന്ദ്ര കുമാറിന് വേണ്ടിയും മുഖ്യമന്ത്രി പ്രചാരണം നടത്തി.
ആഗോള തലത്തില്‍ ഇന്ത്യയുടെ ഗ്രാഫ് ഉയരുകയാണെന്നും ലോകത്തിലെ ഒരു പ്രശ്നവും ഇന്ത്യയുടെ പങ്കാളിത്തമില്ലാതെ പരിഹരിക്കാനാവില്ലെന്നും ഗ്രേറ്റ് ബ്രിട്ടനെ മറികടന്ന് ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറിയെന്നും അദ്ദേഹം പറഞ്ഞു.
മഹാമാരിയുടെ കാലത്ത് രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് പാവപ്പെട്ടവര്‍ക്ക് സൗജന്യ റേഷന്‍ നല്കി. ബിജെപി പ്രവര്‍ത്തകര്‍ അവര്‍ക്ക് സഹായം നല്കിയപ്പോള് അന്ന് കോണ്‍ഗ്രസിന്റെ സഹോദരീസഹോദര ജോഡി എവിടെയായിരുന്നു. രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി വധേരയെയും പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ഒരു കുടുംബത്തില്‍ മാത്രമായി ഒതുങ്ങുന്നു. അവരെക്കുറിച്ച് ആശങ്കയുണ്ട്. നരേന്ദ്ര മോഡിക്കും ബിജെപിക്കും ഇന്ത്യയിലെ ജനങ്ങള്‍ അവരുടെ കുടുംബമാണ്- അദ്ദേഹം പറഞ്ഞു.
ഹിമാചല്‍ പ്രദേശിനെ ധീരഹൃദയരുടെ നാടാണെന്നും സംസ്ഥാനത്തെ നിരവധി യുവാക്കള്‍ സായുധ സേനയിലുണ്ടെന്നുംയോഗി ആദിത്യനാഥ് പറഞ്ഞു.