ബംഗളുരു- കർണാടക തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ബെംഗളുരൂവിലെത്തിയ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് മോഡി സർക്കാരിന്റെ നയങ്ങൾക്കെതിരെ രൂക്ഷമായി പ്രതികരിച്ചു. മോഡി സർക്കാരിന്റെ നയങ്ങൾ ദുരന്തപൂർണമാണെന്നും ഇവ തിരുത്താൻ നടപടികൾ സ്വീകരിക്കുന്നതിനു പകരം ഗൂഢാലോചനാ സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കുകയുമാണ് ബിജെപി സർക്കാർ ചെയ്തതെന്നും മൻമോഹൻ പറഞ്ഞു. അമിതമായി ചുങ്കം ചുമത്തി ജനങ്ങളെ ശിക്ഷിക്കുകയാണ് പ്രധാനമന്ത്രി മോഡി ചെയ്യുന്നത്. മുൻ യുപിഎ സർക്കാരിന്റെ ഭരണകാലവുമായി താരതമ്യപ്പെടുത്തുമ്പോൾ ജിഡിപി പകുതിയായി കുറഞ്ഞിരിക്കുന്നു. മോഡി സർക്കാരിന്റെ സാമ്പത്തിക ദുർഭരണം ബാങ്കിങ് മേഖലയിൽ പൊതുജനങ്ങളുടെ വിശ്വാസം ഇടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കർണാടക കോൺഗ്രസ് ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മൻമോഹൻ സിങ്.
പ്രചാരണം അവസാനിക്കാൻ മൂന്ന് ദിവസം കൂടി ബാക്കി നിൽക്കെ ബിജെപിയും കോൺഗ്രസും പ്രചാരണം ശക്തിപ്പെടുത്തിയിരിക്കുകയാണ്. ജൻ ആശിർവാദ യാത്രയിലൂടെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഒമ്പതാം ഘട്ട പ്രചാരണത്തിന് തുടക്കം കുറിച്ചു. പെട്രോൾ വില കുതിച്ചു കയറുന്നതിനെതിരെ പ്രതിഷേധ റാലി നടത്തിക്കൊണ്ടായിരുന്നു തുടക്കം. ബിജെപിക്കു വേണ്ടിയുള്ള പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി കർണാടകയിലെ യുവ മോർച്ച പ്രവർത്തകരുമായി തന്റെ നമോ ആപ്പിലൂടെ സംവദിച്ചു.