കോഴിക്കോട് - കേരളത്തിലെ ലോകകപ്പ് ഫുട്ബാൾ ആവേശത്തിൽ ട്വീറ്റുമായി ഫിഫ. കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയിൽ സ്ഥാപിച്ച താരരാജാക്കന്മാരായ മെസി, നെയ്മർ, റൊണാൾഡോ കട്ടൗട്ട് പോരിന്റെ ചിത്രം സഹിതമാണ് ഫിഫയുടെ ട്വീറ്റ്.
'കേരളത്തിന് ഫുട്‌ബോൾ പനി, നെയ്മറുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ലയണൽ മെസിയുടേയും കൂറ്റൻ കട്ടൗട്ടുകൾ പുഴയിൽ ഉയർന്നപ്പോൾ' എന്ന തലക്കെട്ടോടെയാണ് ഫിഫ ചിത്രം ട്വീറ്റ് ചെയ്തത്. തങ്ങൾ സ്ഥാപിച്ച കട്ടൗട്ടുകൾ ഫിഫ കൂടി ഷെയർ ചെയ്ത് ഏറ്റെടുത്തതിന്റെ ആവേശത്തിലാണ് കളിക്കമ്പക്കാർ. ലോക ഫുട്ബാൾ ഭൂപടത്തിൽ പുള്ളാവൂരിനും കേരളത്തിനും ഇടം നേടിക്കൊടുക്കാൻ സാധിച്ചതിൽ വൻ ആഹ്ലാദമാണ് ആരാധകർ പങ്കുവെക്കുന്നത്. ലോകക്കപ്പ് ഫുട്ബാളിനായി കണ്ണും കാതും കൊടുത്ത് ദിവസങ്ങൾ എണ്ണിക്കഴിയുകയാണ് കേരളത്തിലെ ഫുട്ബാൾ ആരാധകർ.