ന്യൂദൽഹി- സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ നീക്കം ചെയ്യാൻ കോൺഗ്രസ് സമർപ്പിച്ച ഇംപീച്ച്‌മെന്റ് പ്രമേയം തള്ളിയ രാജ്യസഭാ ഉപാധ്യക്ഷന്റെ നടപടിയെ ചോദ്യം ചെയ്ത് കോൺഗ്രസ് സുപ്രീം കോടതിയിൽ ഹരജി നൽകി. ഇത് അടിയന്തിരമായി പരിഗണിക്കണമെന്ന് ജസ്റ്റിസ് ചെലമേശ്വറിനോട് ഹരജിക്കാർ ആവശ്യപ്പെടുകയും ചെയ്തു. രാജ്യസഭയിലെ കോൺഗ്രസ് എംപിമാരായ പ്രതാപ് സിങ് ബാജ്വ, അമീ ഹർഷദറായ് യജ്‌നിക് എന്നവർ ചേർന്നാണ് ഹരജി നൽകിയത്. വേണ്ടത്ര എംപിമാർ ഒപ്പിട്ട ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളാൻ രാജ്യസഭാ ഉപാധ്യക്ഷനായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് അധികാരമില്ലെന്നും ചീഫ് ജസ്റ്റിസിനെതിരായ പരാതികൾ അന്വേഷിക്കാൻ സമിതിയെ നിയോഗിക്കുക മാത്രമാണ് അദ്ദേഹത്തിനു മുന്നിലുള്ള വഴിയെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. വെങ്കയ്യ നായിഡു ഈ നോട്ടീസ് കൈകാര്യം ചെയ്ത സാഹചര്യങ്ങളിലും സംശയങ്ങളുണ്ടെന്നു ഹരജി ആരോപിക്കുന്നു. 71 രാജ്യസഭാ എംപിമാർ ഒപ്പിച്ച ഇംപീച്‌മെന്റ് നോട്ടീസ് ഏപ്രിൽ 20നാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം രാജ്യസഭാ ഉപാധ്യക്ഷന് സമർപ്പിച്ചത്. ഏപ്രിൽ 24ന് ഇതു തള്ളപ്പെടുകയും ചെയ്തു.
ഹരജിയിൽ പ്രത്യേക തീരുമാനമൊന്നും അറിയിക്കാതെ സുപ്രീം കോടതി ഹരജിക്കാരോട് ചൊവ്വാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഹരജികൾ അതാതു ബെഞ്ചിലേക്കു വിടുന്നത് നിശ്ചിയിക്കുന്ന മാസ്റ്റർ ഓഫ് റോസ്റ്റർ ചീഫ് ജസ്റ്റിസാണെന്ന് ഭരണഘടന ബെഞ്ചിന്റെ തീരുമാനമുള്ളതിനാൽ ഈ ഹരജി ചീഫ് ജസ്റ്റിസിനു വിടണമെന്നാണ് ജസ്റ്റിസ് ചെലമേശ്വർ വ്യക്തമാക്കിയത്. എന്നാൽ ഇംപീച്‌മെന്റ് നോട്ടീസ് ചീഫ് ജസ്റ്റിസിനെതിരായതിനാൽ ഏറ്റവും മുതിർന്ന മറ്റൊരു ജഡ്ജാണ് ഇതു പരിഗണിക്കേണ്ടതെന്ന് മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബൽ വാദിച്ചു. ജസ്റ്റിസ് എസ് കെ കൗൾ കൂടി ഉൾപ്പെട്ട ബെഞ്ച് ഹരജി നാളെ വീണ്ടും പരിഗണിക്കും.
അതിനിടെ ഇംപീച്‌മെന്റ് പ്രമേയം സംബന്ധിച്ച വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങളേയും പ്രസ്താവനകൾ ഇറക്കുന്നതിൽ നിന്ന് എംപിമാരേയും തടയണമെന്നാവശ്യപ്പെട്ടുള്ള മറ്റൊരു പൊതുതാൽപര്യ ഹരജി സുപ്രീം കോടതി മാറ്റിവച്ചു.