Sorry, you need to enable JavaScript to visit this website.

ഉദ്യോഗാർത്ഥിയെ കോഞ്ഞാട്ടയാക്കി പി.എസ്.സി; മാർക്കുള്ളവൻ ഔട്ട്, അനർഹർ ഇൻ, ക്ലറിക്കൽ മിസ്റ്റേക്കെന്ന് ചെയർമാൻ

ഇടുക്കി - വട്ടംകറക്കാൻ പി.എസ്.സിയും ഉദ്യോഗസ്ഥരും തീരുമാനിച്ചാൽ പിന്നെ രക്ഷയില്ല. മാസങ്ങളും വർഷങ്ങളും നീണ്ട കഷ്ടപ്പാടുകളുമായി രാവും പകലുമില്ലാതെ പഠിച്ച് ജോലി നേടാനുള്ള ഉദ്യോഗാർത്ഥികളുടെ മോഹങ്ങൾ തല്ലിക്കൊഴിക്കാൻ തലതിരിഞ്ഞ ഒരുത്തൻ മതിയാകും. അതിന് ക്ലറിക്കൽ മിസ്‌റ്റേക്കെന്നോ മറ്റോ ഓമനപ്പേരിട്ട് വിശദീകരിക്കുന്നതോടെ അവരുടെ കടമ കഴിയും! ഉദ്യോഗാർത്ഥിക്ക് ജീവിതം കോഞ്ഞാട്ടയും. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇടുക്കിയിൽനിന്നുള്ളത്.
  ഉയർന്ന മാർക്കുണ്ടായിട്ടും റാങ്ക് പട്ടികയിൽ ഇടംലഭിക്കാതെ പോയ പീരുമേട് സ്വദേശി കപിലാണ് പരാതിക്കാരൻ. മാനദണ്ഡമനുസരിച്ചുള്ള മാർക്ക് ലഭിച്ചിട്ടും  റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയില്ലെന്നാണ് പരാതി. എന്നാൽ തന്നെക്കാൾ മാർക്ക് കുറഞ്ഞ 54 പേർ ലിസ്റ്റിലുണ്ടെന്നും ഇയാൾ തെളിവ് സഹിതം പി.എസ്.സിയെ ബോധിപ്പിച്ചു. ക്ലറിക്കൽ മിസ്റ്റേക്കെന്നാണ് അധികൃതരുടെ വിശദീകരണം. 
  സംഭവം ഇങ്ങനെ: 2020 മാർച്ചിൽ പി.എസ്.സി നടത്തിയ എൽ.ഡി ക്ലാർക്ക് പരീക്ഷയെഴുതിയ ആളാണ് കപിൽ. മലയാളവും തമിഴും അറിയാവുന്നവർക്കുള്ള പ്രത്യേക തസ്തികക്കുള്ള പരീക്ഷയായിരുന്നു. 43.75 മാർക്കും, തമിഴിനും മലയാളത്തിനും 40% വീതം മാർക്കുമായിരുന്നു റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാനുള്ള മാനദണ്ഡം. ലിസ്റ്റിൽ ഉൾപ്പെടാതെ വന്നതോടെ കപിൽ വിവരാവകാശ നിമയ പ്രകാരം ഉത്തരക്കടലാസ് എടുത്തു. അതിൽ കപിലിന് 52 മാർക്കുണ്ട്. മലയാളത്തിന് 44.37 ശതമാനവും തമിഴിന് 67.50% മാർക്കുമുണ്ട്. പിന്നീട് കാരണമന്വേഷിച്ച് തെറ്റുതിരുത്താൻ പി.എസ്.സി ചെയർമാനെ നേരിൽ കണ്ടു. ക്ലറിക്കൽ മിസ്‌റ്റേക്കാണ്, പരിശോധിക്കാം എന്ന ഒഴുക്കൻ മറുപടിയിൽ എല്ലാം തീർന്നു. കപിലിനേക്കാൾ കുറഞ്ഞ മാർക്ക് ലഭിച്ച 54 പേരെ റാങ്ക് ലിസ്റ്റിൽ കുടിയിരുത്താൻ പി.എസ്.സി ശ്രമിച്ചിട്ടുണ്ട്. റാങ്ക് ലിസ്റ്റിൽ വരാൻ വേണ്ടതിലും കൂടുതൽ മാർക്കുള്ള പട്ടികജാതിക്കാരനായ ഈ ഉദ്യോഗാർത്ഥിയുടെ പേര് സപ്ലിമെന്ററി ലിസ്റ്റിൽ പോലുമില്ല.
 

Latest News