Sorry, you need to enable JavaScript to visit this website.

വിമാനം പാലത്തിൽ കുടുങ്ങി; ടയർ അഴിച്ച് 'വിമാന ഹോട്ടൽ' മുന്നോട്ട്

കൊല്ലം - 'വിമാന ഹോട്ടൽ' പണിയാനായി ഹൈദരാബാദിലേക്ക് കൊണ്ടുപോകുന്ന പഴയ എയർ ഇന്ത്യ വിമാനം പാലത്തിൽ കുടുങ്ങി. തിരുവനന്തപുരത്തുനിന്നും റോഡ് മാർഗം ട്രെയിലർ ലോറിയിൽ കൊണ്ടുപോകുന്ന വിമാനം ചവറ പാലത്തിന്റെ ആർച്ചിൽ തട്ടി നിൽക്കുകയായിരുന്നു. ഇതോടെ ദേശീയപാതയിൽ വൻ ഗതാഗത തടസ്സമുണ്ടായി. 
 'വിമാനം' കുടുങ്ങിയ വാർത്തയറിഞ്ഞ് കേട്ടവരെല്ലാം ചവറ പാലത്തിലേക്ക് ഓടി. റോഡ് ബ്ലോക്കായതോടെ വാഹനത്തിലുള്ളവരും വിമാനം കാണാനുള്ള കൗതുകത്തിൽ ഓടിയിറങ്ങി. ഇവരെയെല്ലാം റോഡിൽനിന്ന് ഒഴിവാക്കാൻ പാലത്തിൽ കുടുങ്ങിയ വിമാനത്തെ മാറ്റുന്നതിനെക്കാൾ വലിയ പാടായെന്നാണ് നാട്ടുകാർ പറയുന്നത്. വിമാനത്തിന്റെ മുകൾഭാഗം പാലത്തിന്റെ ആർച്ചിൽ തട്ടി ഒരു മണിക്കൂറിലേറെയാണ് ബുദ്ധിമുട്ടിയത്. തുടർന്ന് പോലീസെത്തി ഗതാഗതം വഴിതിരിച്ചു വിടുകയായിരുന്നു. ട്രെയിലറിന്റെ എല്ലാ വശത്തെയും ടയറുകളുടെ കാറ്റ് കുറച്ച് തടസ്സംനീക്കി വാഹനം മുന്നോട്ടെടുത്തെങ്കിലും ഭാരം താങ്ങാനാകാതെ ചില ടയറുകൾ കേടായി. തുടർന്ന് കേടായ ടയറുകളെല്ലാം മാറ്റി വിമാനം പതുക്കെ ദേശീയപാതയ്ക്ക് സമീപം ഒതുക്കുകയായിരുന്നു. ഒന്നര മണിക്കൂറിനു ശേഷമാണ് വാഹനത്തിന്റെ ടയറുകൾ പൂർണമായും നന്നാക്കിയത്. ഈ സമയം പോലീസ് ഒരു വശത്തുകൂടി വാഹനം കടത്തിവിട്ട് ഗതാഗതതടസ്സം കുറച്ചു. 
 30 വർഷം സർവീസ് നടത്തിയ എയർ ബസ് എ320 എന്ന വിമാനം കാലാവധി കഴിഞ്ഞതിനാൽ 2018 മുതൽ തിരുവനന്തപുരം വിമാനത്താവളത്തിലെ ഹാങ്ങർ യൂണിറ്റിന് സമീപമാണുണ്ടായിരുന്നത്. ഇത് ഹൈദരാബാദ് സ്വദേശിയായ ജോഗിന്ദർ സിംഗിന് ലേലത്തിൽ വിൽക്കുകയായിരുന്നു. വിമാനം കൊണ്ട് ഒരു അത്യാധുനിക ഹോട്ടൽ യാഥാർത്ഥ്യമാക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. വിമാനം നാല് പ്രത്യേക ഭാഗങ്ങളാക്കി ട്രെയിലറുകളിലാണ് കൊണ്ടുപോകുന്നത്. കഴിഞ്ഞ ദിവസം വിമാനത്തിന്റെ ചിറകുതട്ടി കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽ പെട്ടിരുന്നു. തുടർന്ന് വിമാനത്തിന്റെ ചിറക് അഴിച്ച് ആന്ധ്രയിലെത്തിക്കാൻ വേറെ സംവിധാനം ഒരുക്കുകയായിരുന്നു.
  വിമാനം വഹിച്ചുള്ള യാത്രയറിഞ്ഞ് ദേശീയപാതയ്ക്ക് ഇരുവശത്തും നിരവധിപേരാണ് കാത്തുനിൽക്കുന്നത്. വിമാനം നിർത്തിയിടുന്നിടത്തെല്ലാം കാണുന്നതിനും സെൽഫിക്കുമായി സ്ത്രീകളും കുട്ടികളും യുവാക്കളും ഉൾപ്പെടെയുള്ളവരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

Latest News