ബെയ്‌റൂത്ത്- ഈജിപ്തില്‍ രാഷ്ട്രീയ തടവുകാരെ ഏകാന്ത തടവറയിലിട്ട് പീഡിപ്പിക്കുകയാണെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ കുറ്റപ്പെടുത്തി. നൂറുകണക്കിന് പൗരാവകാശ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരും ദീര്‍ഘകാലമായി ഏകാന്ത തടവറയിലാണ്. 24 മണിക്കൂറും ഇവരെ സെല്ലില്‍ അടച്ചിടുകയാണ്. മറ്റു തടവുകാരെ പോലും കാണാന്‍ അനുവദിക്കുന്നില്ല. ഏകാന്ത തടവറയില്‍ കഴിയുന്നവരുടെ 36 കേസുകളാണ് പരിശോധിച്ചതെന്ന് ആംനസ്റ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.
ദിവസം ഒരു മണിക്കൂര്‍ വരെ വ്യയാമത്തിനു അനുവദിക്കുന്നുണ്ടെങ്കിലും ജയില്‍ സന്ദര്‍ശിക്കാന്‍ കുടുംബാംഗങ്ങളെ അനുവദിക്കുന്നില്ല. മറ്റു തടവുകാരെ കാണാന്‍ പോലും ഇവര്‍ക്ക് അവകാശമില്ല. വിചാരണ അനിശ്ചിതമായി നീളുകയും ചെയ്യുന്നു.
ജയിലുകളിലെ പീഡനത്തെ കുറിച്ചുള്ള കണ്ടെത്തലുകള്‍ ഗൗരവതരമായതിനാല്‍ ഈജിപ്ത് അധികൃതര്‍ക്ക് ഏപ്രില്‍ 16-ന് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും പ്രതികരണമില്ലെന്ന് ആംനസ്റ്റി കുറ്റപ്പെടുത്തുന്നു.
2013 ല്‍ ഇസ്്‌ലാമിസ്റ്റ് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ പുറത്താക്കിയതിനുശേഷം സൈന്യം തടവിലാക്കിയവില്‍ ആയിരക്കണക്കിന് ഇസ്്‌ലാമിസ്റ്റുകള്‍ക്ക് പുറമെ, മതേതര പ്രതിപക്ഷ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. ജയിലുകളില്‍ രാഷ്ട്രീയ തടവുകാരില്ലെന്നും പീഡനമില്ലെന്നുമാണ് അധികൃതര്‍ വിശദീകരിക്കുന്നത്.