Sorry, you need to enable JavaScript to visit this website.

റമദാനിൽ തീർഥാടകരല്ലാത്തവർക്ക്  മതാഫിൽ നിയന്ത്രണം

മക്ക - വിശുദ്ധ റമദാനിൽ ഹറമിലെ മതാഫ് ഉംറ തീർഥാടകർക്കു മാത്രമായി നീക്കിവെക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറും സെൻട്രൽ ഹജ് കമ്മിറ്റി പ്രസിഡന്റുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ നിർദേശിച്ചു. തിക്കും തിരക്കും കൂടാതെ തീർഥാടകർക്ക് എളുപ്പത്തിൽ കർമങ്ങൾ നിർവഹിക്കുന്നതിന് അവസരമൊരുക്കുന്നതിനാണ് റമദാനിൽ മതാഫിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നത്. മഗ്‌രിബ് നമസ്‌കാരം അവസാനിക്കുന്നതു മുതൽ തറാവീഹ് നമസ്‌കാരം പൂർത്തിയാകുന്നതു വരെയാണ് മതാഫിൽ തീർഥാടകരല്ലാത്തവരെ വിലക്കുക. റമദാൻ അവസാന പത്തിൽ മഗ്‌രിബ് മുതൽ തഹജ്ജുദ് (പാതിരാ) നമസ്‌കാരം പൂർത്തിയാകുന്നതു വരെ തീർഥാടകരല്ലാത്തവരെ മതാഫിൽ വിലക്കും. നമസ്‌കാരം നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ മതാഫിന് പുറത്ത് ലഭ്യമായ സ്ഥലങ്ങളിലേക്ക് നീങ്ങണം.  
അവസാന പത്തിൽ ഇഅ്തികാഫ് ഇരിക്കുന്നവർക്ക് ഹറമിന്റെ അടിയിലെ നില നീക്കിവെച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ഇഅ്തികാഫ് ഇരിക്കുന്നവരിൽ കുറച്ചു പേരെ വടക്കു ഭാഗത്തെ ഹറം വികസന ഭാഗത്തേക്ക് അയക്കും. കഴിഞ്ഞ വർഷത്തെ റമദാനിലും വിശുദ്ധ ഹറമിൽ മതാഫിൽ തീർഥാടകരല്ലാത്തവർക്ക് പ്രവേശനം നിയന്ത്രിച്ചിരുന്നു. 
അതേസമയം, മക്ക പ്രവിശ്യയിൽ ജുമുഅ നമസ്‌കാരം നടക്കാത്ത മസ്ജിദുകളിൽ തറാവീഹ് നമസ്‌കാരത്തിന് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് വിലക്കുള്ളതായി മക്ക പ്രവിശ്യ ഇസ്‌ലാമികകാര്യ മന്ത്രാലയ ശാഖാ മേധാവി ശൈഖ് അലി അൽഅബ്ദലി പറഞ്ഞു. തറാവീഹ് നമസ്‌കാരത്തിന് മസ്ജിദുകൾക്കകത്തെ സ്പീക്കറുകൾ ഉപയോഗിക്കാൻ മാത്രമാണ് അനുമതിയുള്ളത്. ജുമുഅ നമസ്‌കാരം നടക്കുന്ന ജുമാമസ്ജിദുകളിൽ തറാവീഹ് നമസ്‌കാരത്തിന് ഉച്ചഭാഷിണി ഉപയോഗിക്കാവുന്നതാണ്. എന്നാൽ സമീപത്തെ മറ്റു മസ്ജിദുകളിലെ ഖുർആൻ പാരായണവുമായും പ്രാർഥനകളുമായും കൂടിക്കലരാത്ത രീതിയിൽ ഉച്ചഭാഷിണികളിലെ ശബ്ദം നിയന്ത്രിക്കൽ നിർബന്ധമാണ്. 
റമദാനിൽ ഒഴിച്ചുകൂടാൻ കഴിയാത്ത, അനിവാര്യ സാഹചര്യങ്ങളിലല്ലാതെ ഇമാമുമാരും മുഅദ്ദിനുമാരും മസ്ജിദുകളിൽനിന്ന് വിട്ടുനിൽക്കാൻ പാടില്ല. ഇങ്ങിനെ വിട്ടുനിൽക്കേണ്ടിവരികയാണെങ്കിൽ പകരം ആളുകളെ ചുമതലപ്പെടുത്തണമെന്നും നിർദേശമുണ്ട്. സമൂഹ ഇഫ്താർ സംഘടിപ്പിക്കുന്നതിന് മസ്ജിദുകൾ സംഭാവനകൾ ശേഖരിക്കാൻ പാടില്ല. ഇഫ്താർ സംഘടിപ്പിക്കുന്നതിന് ഗവർണറേറ്റിൽനിന്ന് മുൻകൂട്ടി അനുമതി നേടൽ നിർബന്ധമാണ്. ഇമാമിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കണം ഇഫ്താർ സംഘടിപ്പിക്കേണ്ടത്. ലൈസൻസുള്ള റസ്റ്റോറന്റുകളിൽ നിന്നുള്ള, ഗുണമേന്മയുള്ള ഭക്ഷണമായിരിക്കണം ഇഫ്താറിൽ വിതരണം ചെയ്യേണ്ടതെന്നും നിർദേശമുണ്ടെന്ന് ശൈഖ് അലി അൽഅബ്ദലി പറഞ്ഞു. 


 

Latest News