Sorry, you need to enable JavaScript to visit this website.

റെഡ് സീ രാജ്യാന്തര ചലച്ചിത്രോത്സവം; ടിക്കറ്റ് വില്‍പന തുടങ്ങി

വാട്‌സ് ലവ് ഗോട്ട് ടു ഡു വിത് ഇറ്റ് എന്ന ചിത്രത്തില്‍നിന്ന്

ജിദ്ദ - ചെങ്കടല്‍ തീരത്ത് ഡിസംബര്‍ ഒന്നു മുതല്‍ ആരംഭിക്കുന്ന രണ്ടാം റെഡ് സീ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ടിക്കറ്റുകള്‍ വിതരണം ചെയ്തു തുടങ്ങി. റെഡ്‌സീ ഫിലിം ഫെസ്റ്റ് വെബ്‌സൈറ്റ് വഴിയാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടത്.
സിനിമയാണ് എല്ലാം എന്ന ശീര്‍ഷകത്തില്‍ ഡിസംബര്‍ പത്ത് വരെ തുടരുന്ന ചലച്ചിത്രോത്സവത്തില്‍ സൗദി അറേബ്യയിലെയും അറബ് ലോകത്തെയും ഏറ്റവും നല്ല സിനിമകളും തെരഞ്ഞെടുത്ത രാജ്യാന്തര സിനിമകളും അടക്കം 61 രാജ്യങ്ങളിലെ 41 ഭാഷകളിലുള്ള 131  സിനിമകള്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. 34 അന്താരാഷ്ട്ര സിനിമകള്‍, 17 അറബ് സിനിമകള്‍, 47 മധ്യപൗരസ്ത്യ, വടക്കേ ആഫ്രിക്കന്‍ സിനിമകള്‍ എന്നിവക്ക് മേള ആതിഥ്യമരുളും. രാജ്യാന്തര തലത്തിലെ പ്രമുഖ നടീനടന്മാര്‍ മേളക്ക് സാക്ഷിയാകും.
പത്ത് ദിവസം തുടര്‍ച്ചയായി സിനിമ പ്രദര്‍ശനം നടക്കുന്നതിനാല്‍ സിനിമ ആസ്വാദകര്‍ അവസരം വിനിയോഗിക്കാന്‍ ഇപ്പോള്‍ തന്നെ ടിക്കറ്റുകളെടുത്ത് സീറ്റുകള്‍ ഉറപ്പു വരുത്തണം. റെഡ്‌സീ മാളിലും വോക്‌സ് സിനിമയിലും 17 നാണ് ടിക്കറ്റ് കൗണ്ടര്‍ തുറക്കുക.
18 ഹ്രസ്വ ചിത്രങ്ങള്‍ക്കു പുറമെ ഏഴു സൗദി സിനിമകളാണ് ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാനിരിക്കുന്നത്. സൗദി ചലച്ചിത്ര പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന പുതിയ മാനങ്ങളിലേക്കും സിനിമാറ്റിക്, ആഖ്യാന സംവിധാനങ്ങളിലേക്കും വെളിച്ചം വീശുന്നതാണ് സൗദി സിനിമകളുടെ തെരഞ്ഞെടുപ്പ്. രാജ്യത്തെ യുവസംവിധായകരുടെ കഴിവും സര്‍ഗാത്മകതയും ഉയര്‍ത്തിക്കാട്ടുന്നതില്‍ റെഡ്‌സീ രാജ്യാന്തര ചലച്ചിത്രോത്സവം പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും സംഘാടകര്‍ പറഞ്ഞു
രാജ്യത്തെ സിനിമ വ്യവസായ അനുഭവത്തിന്റെയും വികാസത്തിന്റെയും പക്വതയുടെയും മികച്ച തെളിവാണിത്. മേള സൗദി ചലച്ചിത്ര പ്രവര്‍ത്തകരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരമൊരുക്കും. മിടുക്കരായ പ്രതിഭകളെ ഉയര്‍ത്തിക്കാട്ടുന്നതിലും അവര്‍ക്ക് രാജ്യാന്തര തലങ്ങളിലേക്ക് വഴി കാട്ടുന്നതിലും മേള ഇതിനകം വിജയിച്ചുവെന്ന് സി.ഇ.ഒ മുഹമ്മദ് അല്‍തുര്‍ക്കി പറഞ്ഞു.
പ്രമുഖ ഇന്ത്യന്‍ സിനിമ നിര്‍മാതാവായ ശേഖര്‍ കപൂര്‍ സംവിധാനം ചെയ്ത, ജമീമ ഖാന്‍ തിരക്കഥയെഴുതിയ ലില്ലി ജെയിംസ്, ഷാസാദ് ലത്തീഫ്, ഷബാന ആസ്മി, എമ്മ തോംസണ്‍, സജല്‍ അലി, ഒലിവര്‍ ക്രിസ്, അസിം ചൗധരി, ജെഫ് മിര്‍സ എന്നിവര്‍ വേഷമിട്ട വാട്‌സ് ലവ് ഗോട്ട് ടു ഡു വിത് ഇറ്റ് എന്ന ബ്രിട്ടീഷ് റൊമാന്റിക് കോമഡി ചിത്രം പ്രദര്‍ശിപ്പിച്ചാണ് ഡിസംബര്‍ ഒന്നിന് ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യുക.
സൗദി സംവിധായകന്‍ ഖാലിദ് ഫഹദിന്റെ ത്വരീഖുല്‍ വാദി എന്ന സിനിമയാണ് സമാപന വേദിയില്‍ പ്രദര്‍ശിപ്പിക്കുക. ഹമദ് ഫര്‍ഹാന്‍, നായിഫ് ഖലഫ്, അസീല്‍ ഇംറാന്‍ എന്നിവരാണ് ഇതില്‍ വേഷമിട്ടിരിക്കുന്നത്.


 

 

Latest News