ഹൈദരാബാദ്- ഹാഷിഷ് ഓയില്‍ കലര്‍ത്തിയ ചോക്ലേറ്റ് നിര്‍മ്മിച്ച് വില്‍ക്കുന്ന എം.ബി.എ വിദ്യാര്‍ഥി ഹൈദരാബാദില്‍ അറസ്റ്റില്‍. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഉടമയുടെ മകനും യു.എസ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിയുമായ റിഷി സജ്ഞയ് മെഹ്ത (22) ആണ് അറസ്റ്റിലായത്. 48 ചോക്ലേറ്റ് ബാറുകളും 40 ഗ്രാം ഹാഷിഷ് ഓയിലും ചോക്ലേറ്റ് നിര്‍മ്മാണത്തിനുള്ള ഉപകരണങ്ങളും മൊബൈല്‍ ഫോണും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.
സമ്പന്ന കുടുംബത്തിലെ അംഗമായ റിഷി കോളേജ് പഠനകാലത്താണ് ലഹരി ഉപയോഗം തുടങ്ങിയത്. തുടര്‍ന്ന് കഞ്ചാവിനും ഹാഷിഷിനും അടിമയായ യുവാവ് പിന്നീട് ആഡംബര ജീവിതം നയിക്കാനായി ലഹരിമരുന്ന് വില്‍പനയിലേക്ക് തിരിഞ്ഞു. ആദ്യം ഇ-സിഗരറ്റ് വില്‍പന നടത്തിയിരുന്ന പ്രതി, അടുത്തിടെയാണ് ഹാഷിഷ് ഓയില്‍ കലര്‍ത്തിയ ചോക്ലേറ്റുകള്‍ നിര്‍മിച്ച് വില്‍ക്കാന്‍ തുടങ്ങിയതെന്നും പോലീസ് പറഞ്ഞു.
വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രത്യേക കോഡ് ഉപയോഗിച്ചായിരുന്നു ഹാഷിഷ് ചോക്ലേറ്റിന്റെ വില്‍പന. 18നും 22 വയസ്സിനും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് പ്രധാന ആവശ്യക്കാര്‍. ഭൂരിഭാഗവും പെണ്‍കുട്ടികളായിരുന്നു.