Sorry, you need to enable JavaScript to visit this website.

മഴയും ഇരുട്ടും ആവേശം ചോർത്തിയില്ല; പുള്ളാവൂരിൽ റൊണാൾഡോക്കും കൂറ്റൻ കട്ടൗട്ട്

കോഴിക്കോട് - പുള്ളാവൂരിലെ ചെറുപുഴയിൽ താരരാജാക്കന്മാരായ മെസിക്കും നെയ്മറിനും ഇടയിൽ പോർച്ചുഗൽ താരം ക്രിസ്റ്റിയാനോ റൊണാൾഡോക്കും കൂറ്റൻ കട്ടൗട്ട്. ശക്തമായ മഴയും ഇരുട്ടും വകവയ്ക്കാതെ ഏതാനും സമയങ്ങൾക്കു മുമ്പാണ്, മെസിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകൾക്ക് ഇടയിലായി പറങ്കിപ്പടയുടെ മിന്നും താരം റൊണാൾഡോക്കും കൂറ്റൻ കട്ടൗട്ട് ഉയർന്നത്.
  ഫുട്‌ബോൾ ഫാൻസ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ പുഴയിൽ സ്ഥാപിച്ച അർജന്റീനൻ താരം ലയണൽ മെസിയുടെയും ബ്രസീൽ താരം നെയ്മറുടെയും കട്ടൗട്ടുകൾ രാജ്യാന്തര തലത്തിൽ വരെ ചർച്ചയായിരുന്നു. അതിന് ഇടയിലാണ് സി.ആർ-7 ഫാൻസ് റൊണാൾഡോക്കും കട്ടൗട്ട് സ്ഥാപിച്ചത്. 45 അടിയാണ് കട്ടൗട്ടിന്റെ ഉയരം. ആദ്യം സ്ഥാപിച്ച മെസിയുടേത് 30ഉം പിന്നാലെ സ്ഥാപിച്ച നെയ്മറിന്റെ തലപ്പൊക്കം 40 അടിയുമാണ്.
 ലോകകപ്പ് ഫുട്ബാൾ ആരവങ്ങൾക്ക് നാടും നഗരവും അതിർത്തികൾ മറന്ന് കാത്തിരിക്കവെ, കേരളത്തിന്റെ ഫുട്‌ബോൾ കമ്പവും ലോകമാധ്യമങ്ങളിൽ ഇടംപിടിക്കുകയാണ്. ഖത്തർ ലോകകപ്പ് ഫുട്ബാളിന്റെ ഓരോ നിമിഷവും ആവേശകരമാക്കാൻ ഇഞ്ചോടിഞ്ച് പോരാട്ടമാണ് വിവിധ ഫാൻസ് അസോസിയേഷനുകൾ തമ്മിൽ നടക്കുന്നത്.

Latest News