തിരുവനന്തപുരം- ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയുടെ വീട്ടില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ ലഭിച്ചു. കഷായം ഉണ്ടാക്കിയ പാത്രവും കളനാശിനിയുടെ അവശിഷ്ടവുമാണ് കണ്ടെടുത്തത്.
ഗ്രീഷ്മയുമായുള്ള തെളിവെടുപ്പിലാണ് ഇവ കണ്ടെത്തിയത്. കണ്ടെടുത്ത പൊടി തന്നെയാണോ കഷായം ഉണ്ടാക്കാന്‍ ഉപയോഗിച്ചതെന്ന് ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ. നേരത്തെ, കുളക്കരയില്‍ നിന്ന് കളനാശിനിയുടെ കുപ്പി കണ്ടെത്തിയിരുന്നു. ജ്യൂസില്‍ വിഷം കലര്‍ത്തി ഷാരോണിനെ കൊലപ്പെടുത്താന്‍ പലതവണ ശ്രമിച്ചതായി ഗ്രീഷ്മ മൊഴി നല്‍കിയിരുന്നു. പോലീസ് സീല്‍ ചെയ്ത ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് തകര്‍ത്ത സംഭവത്തിലും അന്വേഷണം നടക്കുന്നുണ്ട്. പ്രതികളുമായി തെളിവെടുപ്പ് നടത്താനായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പോലീസ് സീല്‍ ചെയ്ത തമിഴ്‌നാട്ടിലെ രാമവര്‍മ്മന്‍ചിറയിലെ വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് ആണ് തകര്‍ത്തതായി കണ്ടെത്തിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മാവന്‍ നിര്‍മ്മല്‍ കുമാറിനെയും തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോള്‍ ആണ് തമിഴ്‌നാട് പോലീസിന്റെയും പളുകല്‍ വില്ലേജ് ഓഫീസറുടെയും സാന്നിധ്യത്തില്‍ െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വീടിന്റെ പിന്‍ഭാഗവും മുന്‍വശത്തെ രണ്ട് ഗേറ്റുകളും സീല്‍ ചെയ്തത്. ഗ്രീഷ്മ കുറ്റം സമ്മതിച്ച 30ന് രാത്രി വീടിന് നേരെയുണ്ടായ കല്ലേറില്‍ രണ്ട് ജനല്‍ ചില്ലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വിഷം ചേര്‍ക്കാന്‍ ഉപയോഗിച്ച പാത്രങ്ങളും കഷായം ഉണ്ടാക്കിയ പൊടിയും ഉള്‍പ്പെടെയുള്ള പ്രധാന തെളിവുകള്‍ വീണ്ടെടുക്കുന്നതിന് മുമ്പ് വീടിന്റെ പൂട്ട് തകര്‍ത്തത് തെളിവ് നശിപ്പിക്കാനാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. വീട്ടില്‍ മോഷണം നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ പോലീസിന് വ്യക്തതയില്ല.