ഭോപാല്‍-ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ നിന്നും മദ്ധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലെത്തിച്ച എട്ട് ചീറ്റകളില്‍ രണ്ടെണ്ണത്തെ കഴിഞ്ഞ ദിവസം കുറച്ച് കൂടി വിശാലമായ ചുറ്റുപാടിലേക്ക് മാറ്റി. ശനിയാഴ്ച വൈകുന്നേരമാണ് പാര്‍ക്കിലെ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ചീറ്റകള്‍ക്ക് പുതിയ സ്ഥലംമാറ്റം നല്‍കിയത്. ചീറ്റകളുടെ പുതിയ വാസസ്ഥാനത്തെ കുറിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇന്ത്യയിലെത്തിച്ച ചീറ്റകളെല്ലാം ആരോഗ്യത്തോടെ കഴിയുന്നതായും അദ്ദേഹം രാജ്യത്തെ അറിയിച്ചു.
'നിര്‍ബന്ധിത ക്വാറന്റൈന് ശേഷം, കുനോ ആവാസവ്യവസ്ഥയുമായി കൂടുതല്‍ പൊരുത്തപ്പെടുന്നതിന് രണ്ട് ചീറ്റകളെ വലിയൊരു ചുറ്റുപാടിലേക്ക് വിട്ടയച്ചിട്ടുണ്ട്. മറ്റുള്ളവയെ ഉടന്‍ വിട്ടയക്കും. എല്ലാ ചീറ്റകളും ആരോഗ്യത്തോടെ കഴിയുന്നു എന്നറിയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ' പ്രധാനമന്ത്രി മോഡി ട്വീറ്റ് ചെയ്തു.
ചീറ്റകളില്‍ രണ്ടെണ്ണത്തിനെ തുറന്ന് വിട്ടതില്‍ മദ്ധ്യപ്രദേശ് വനം മന്ത്രി അസംതൃപ്തനാണെന്നാണ് റിപ്പോര്‍ട്ട്. വനം മന്ത്രി വിജയ് ഷായുടെ സാന്നിദ്ധ്യത്തില്‍ ചീറ്റകളെ തുറന്ന് വിടാനായിരുന്നു തീരുമാനിച്ചത്. ഇതിനായി ഞായറാഴ്ച മന്ത്രി എത്തുമെന്ന് അറിയിച്ചു. എന്നാല്‍ ശനിയാഴ്ച വൈകുന്നേരത്തോടെ ഉദ്യോഗസ്ഥര്‍ ചീറ്റയെ വിട്ടയച്ചതാണ് മന്ത്രിയെ അസ്വസ്ഥനാക്കിയത്.
ഇന്ത്യയിലേക്ക് കൊണ്ടു വന്ന എട്ട് ചീറ്റകളില്‍ ആറെണ്ണമാണ് ഇനി ക്വാറന്റൈനായി നിര്‍മ്മിച്ച ചെറിയ വേലിക്കെട്ടിനുള്ളിലുള്ളത്. ഇവയെ നിരീക്ഷിച്ച ശേഷം വരും ദിവസങ്ങളില്‍ ഘട്ടം ഘട്ടമായി വലിയ ആവാസ വ്യവസ്ഥയിലേക്ക് തുറന്ന് വിടും.
ഇവിടെ ചീറ്റകള്‍ക്ക് വേട്ടയാടുന്നതിനായി പുള്ളിമാനുകളെ എത്തിക്കും.