Sorry, you need to enable JavaScript to visit this website.

പ്ലസ് ടു സീറ്റ്: മലപ്പുറത്ത് ഇത്തവണയും വിദ്യാർഥികൾ വലയും

മലപ്പുറം-പ്ലസ് ടു പഠനത്തിന് വേണ്ടത്ര സീറ്റില്ലാത്തതിനാൽ ജില്ലയിൽ എസ്.എസ്.എൽ.സി വിജയിച്ച വിദ്യാർഥികൾ ഇത്തവണയും തുടർ പഠനത്തിന് വലയും. സ്റ്റേറ്റ് സിലബസിൽ എസ്.എസ്.എൽ.സി. ഫലം പുറത്തു വന്നതോടെ 78,000 പേരാണ് തുടർ പഠനത്തിന് യോഗ്യത നേടിയിരിക്കുന്നത്. സി.ബി.എസ്.ഇ ഫലം ഇനിയും വരാനിരിക്കുന്നതേയുള്ളൂ. 
അതോടെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ പ്രവേശനത്തിന് തിരക്ക് വർധിക്കും. ഏതാണ്ട് കാൽ ലക്ഷത്തോളം വിദ്യാർഥികൾക്ക് ഇത്തവണയും പ്ലസ് ടു പഠനത്തിന് സ്‌കൂളുകളിൽ അവസരം ലഭിച്ചേക്കില്ല. അവർക്ക് ഓപ്പൺ സ്‌കൂൾ സംവിധാനത്തെ ആശ്രയിക്കേണ്ടി വരും.
ജില്ലയിലെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലായി 61,000 സീറ്റുകളാണുള്ളത്. നിലയിൽ തുടർപഠനത്തിന് യോഗ്യത നേടിയവർക്കെല്ലാം പ്രവേശനം നൽകാൻ ഈ സീറ്റുകൾ തികയില്ല. സി.ബി.എസ്.ഇ ഫലം വരുന്നതോടെ വിജയിച്ച കുട്ടികളിൽ നല്ലൊരു ശതമാനം സർക്കാർ,എയ്ഡഡ് സ്‌കൂളുകളിൽ പ്രവേശനം തേടിയെത്തും. ഇതോടെ പ്രവേശനം ദുഷ്‌കരമാകും. മാനേജ്‌മെന്റ് സീറ്റുകളിൽ വൻതുക കോഴ വാങ്ങി പ്രവേശനം നൽകാനുള്ള സാധ്യത ഇത്തവണയും ഉയരുന്നുണ്ട്. മികച്ച മാർക്ക് വാങ്ങിയ കുട്ടികൾക്ക് ഇതോടെ പുറത്തു നിൽക്കേണ്ടി വരും.
എല്ലാ വിഷയത്തിലും എ പ്ലസ് വാങ്ങിയ കുട്ടികൾക്ക് പോലും ഇഷ്ട വിഷയങ്ങൾക്ക് പ്രവേശനം നേടാൻ കഴിയില്ലെന്നാണ് സൂചന. മിക്ക സ്‌കൂളുകളിലും പ്രാദേശിക സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. അതേ സ്‌കൂളിൽ പത്താം ക്ലാസ് വരെ പഠിച്ച കുട്ടികളിൽ തുടർപഠനത്തിന് അർഹത നേടിയ കുട്ടികൾക്ക് പ്രവേശനം നൽകാൻ പരമാവധി ശ്രമിക്കണമെന്നാണ് പി.ടി.എ കമ്മിറ്റികൾ തീരുമാനിച്ചിരിക്കുന്നത്. അതോടെ ഇതര സ്‌കൂളികളിൽ പഠിച്ച കുട്ടികൾക്ക് പ്രവേശനം ലഭിക്കാൻ വിഷമകരമാകും. സി.ബി.എസ്.സി സ്‌കൂളുകളിൽ പഠിച്ച് മികച്ച വിജയം നേടിയവരും സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ പ്രവേശനം തേടിയെത്തും. ഗൾഫ് മേഖലയിൽ നിന്ന് എസ്.എസ്.എൽ.സി പൂർത്തിയാക്കിയ വിദ്യാർഥികളും നാട്ടിൽ പ്ലസ് ടു പ്രവേശനത്തിന് എത്തും. ഇതോടെ നിലവിലുള്ള സീറ്റുകൾ മതിയാകാത്ത നിലയാണുള്ളത്.
ജില്ലയിൽ കൂടുതൽ പ്ലസ് ടു ബാച്ചുകൾ അനുവദിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. വിവിധ സംഘടനകൾ ഈ ആവശ്യമുന്നയിച്ച് വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനങ്ങൾ അയച്ചിട്ടുണ്ട്. സീറ്റ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധ സമരങ്ങളും വരും നാളുകളിൽ സജീവമാകും.
 

Latest News