ഹൈദരാബാദ്- സഹപാഠിയെ ഹോസ്റ്റല്‍ മുറിയില്‍ അടിച്ചും തേപ്പുപെട്ടികൊണ്ട് പൊള്ളിച്ചും ക്രൂരത കാണിച്ച നാല് എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ വെസ്റ്റ ഗോദാവരി ജില്ലയിലുള്ള ഭീമവരാലുള്ള സ്വകാര്യ എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്.
സഹപാഠിയെ വടികൊണ്ടും പി.വി.സി പൈപ്പുകൊണ്ടും അടിക്കുകയും തൊഴിക്കുകയും ചെയ്യുന്നത് വീഡിയോയിലുണ്ട്. മര്‍ദ്ദനമേല്‍ക്കുന്നയാള്‍ മാപ്പുപറയുന്നതും അക്രമികളോട് അപേക്ഷിക്കുന്നതും കാണാം. മര്‍ദ്ദനമേല്‍ക്കുന്നയാളുടെ ഷര്‍ട്ട് വലിച്ചുകീറിയ നിലയിലാണ്.
എസ്.ആര്‍.കെ.ആര്‍ എന്‍ജിനീയറിംഗ് കോളജിലെ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളാണ് ഇവര്‍. ഏതാനും ദിവസം മുന്‍പാണ് ഈ സംഭവം നടന്നത്. മര്‍ദ്ദനമേറ്റ അങ്കിത് എന്ന വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരീരം മുഴുവന്‍ മര്‍ദ്ദനമേറ്റ പാടുകളാണ്. കൈകളിലും നെഞ്ചിലും കാര്യമായ ക്ഷതങ്ങളുണ്ട്.