Sorry, you need to enable JavaScript to visit this website.

പള്ളീപ്പോയിപ്പറഞ്ഞു... പഠനച്ചെലവ് പള്ളിക്കമ്മിറ്റി ഏറ്റെടുത്തു

പുഴക്കാട്ടിരി കോട്ടുവാട്ടെ വി.ടി. സത്യവാണിയുടെ പഠനച്ചെലവ് കടബാധ്യത ഏറ്റെടുത്തുകൊണ്ടുള്ള രേഖകൾ മഹല്ല് പ്രസിഡന്റ് എൻ. മുഹമ്മദ് മുസ്‌ലിയാർ കൈമാറുന്നു.

രാമപുരം (മലപ്പുറം) - തമാശയിലും കാര്യത്തിലും ഗ്രാമവാസികൾ സ്ഥിരമായി പറയാറുള്ള സ്ഥിരവാക്കാണ് പള്ളിയിൽ പോയി പറയൂ എന്ന്. ഇതൊരു വെറും വാക്കല്ലെന്ന് തെളിയിച്ചിരിക്കുകയാണ് മലപ്പുറം ജില്ലയിലെ പുഴക്കാട്ടിരി മഹല്ല് ജുമാ മസ്ജിദ് കമ്മറ്റി. 
മഹല്ല് പരിധിയിലെ കോട്ടുവാട് വടക്കേ തൊടി കോളനിയിലെ പരേതനായ വി.ടി. രമേശിന്റെ മൂത്ത മകൾ സത്യവാണിയുടെ ബി.എസ്‌സി. നഴ്‌സിംഗ് പഠനച്ചെലവുകളാണ് മസ്ജിദ് കമ്മിറ്റി ഏറ്റെടുത്ത് മാതൃകയായത്. മംഗലാപുരത്തെ സ്വകാര്യ നഴ്‌സിംഗ് കോളേജിൽ ഒരു ലക്ഷം രൂപ വാർഷിക ഫീക്കാണ് സത്യവാണി ചേർന്നത്. പഠനത്തിന്റെ തുടക്കത്തിൽ തന്നെ അച്ഛൻ രമേശ് രോഗം ബാധിച്ച് മരിച്ചു. രമേശിന്റെ ചികിത്സയെ തുടർന്ന് ലക്ഷങ്ങളുടെ കടബാധ്യതയും ബാങ്ക് ലോണുകളും നിർധന കുടുംബത്തിന്റെ ചുമലിലായി. ഇതിനിടെ സത്യവാണിയുടെ കോളേജ് ഫീ ഗഡു അടയ്‌ക്കേണ്ട കാലാവധി തെറ്റി. കോളേജ് അധികാരികൾ പുറത്താക്കൽ മുന്നറിയിപ്പു നൽകി. സത്യവാണിയും അമ്മ ശാന്തയും ഏക സഹോദരൻ വിഘ്‌നേഷും സഹായം തേടി അലഞ്ഞു. നിരവധിയാളുകളെ സമീപിച്ചു. ഒടുവിൽ പള്ളിയിൽ പോയി പറയാൻ അയൽവാസിയായ സഹോദരന്റെ നിർദേശം കിട്ടി. സത്യവാണിയുടെ കയ്യും പിടിച്ച് ശാന്ത പള്ളി കമ്മിറ്റിയെ സമീപിച്ചു. 
ശാന്തയുടെ അഭ്യർത്ഥന മാനിച്ച് ഒരു ഉദാരമതിയുടെ സഹായത്തോടെ കോളേജിലെ ഫീ ഇനത്തിലുള്ള കടബാധ്യതകൾ മഹല്ല് കമ്മിറ്റി ഏറ്റെടുക്കാൻ തീരുമാനിച്ചു. മഹല്ല് പ്രസിഡന്റ് എൻ. മുഹമ്മദ് മുസ്‌ലിയാർ, ഖത്തീബ് അശ്‌റഫ് ഫൈസി മുള്യാകുർശി, സെക്രട്ടറി കല്ലൻ കുന്നൻ മൊയ്തി, ട്രഷറർ കക്കാട്ടിൽ ഹംസ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഭാരവാഹികൾ കഴിഞ്ഞ ദിവസം സത്യവാണിയുടെ വീട്ടിലെത്തി ഫീസ് അടച്ച രേഖകൾ കൈമാറി.
 

Latest News