മുംബൈ- പ്രമുഖ വ്യവസായി സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ കാറോടിച്ച ഡോ. അനാഹിത പണ്ടോൡനെതിരെ പോലീസ് കേസെടുത്തു. അപകടം സംഭവിച്ച രണ്ടു മാസം കഴിഞ്ഞാണ് സൈറസ് മിസ്ത്രിയുടെ സഹയാത്രികയും മുംബൈയിലെ മുൻനിര ഗൈനക്കോളജിസ്റ്റുമായ ഡോ. അനാഹിത പണ്ടോളിനെതിരെ പോലീസ് കേസെടുത്തത.
ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി സെപ്തംബർ അഞ്ചിനാണ് മഹാരാഷ്ട്രയിലെ പാൽഘറിൽ വാഹനാപകടത്തിൽ മരിച്ചത്. മിസ്ത്രിയുടെ സുഹൃത്ത് ജഹാംഗീർ പണ്ടോളും കാർ റോഡ് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചിരുന്നു. കാറിലുണ്ടായിരുന്ന അനാഹിത (55), ഭർത്താവ് ഡാരിയസ് (60) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. മിസ്ത്രിയുടെ സിൽവർ മെഴ്‌സിഡസ് ഓടിച്ചിരുന്നത് ഡോ. അനാഹിത പണ്ടോളായിരുന്നു, അപകടസമയത്ത് മിസ്ത്രി പിറകിലായിരുന്നു. അനാഹിതയുടെ ഭർത്താവ് ഡാരിയസ് പണ്ടോളിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കാർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഡാരിയസ് പണ്ടോൾ കഴിഞ്ഞ മാസം അവസാനം മുംബൈ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.