ബംഗളുരു- ലോകത്തിലെ ഏറ്റവും വലിയ കോഫി ശൃംഖലയാണ് സ്റ്റാര്‍ബക്‌സ്. അതിന്റെ സഹസ്ഥാപകന്‍ അമേരിക്കകാരനായ സെവ് സീഗലാണ്. അദ്ദേഹം ബംഗളൂരുവിലെ വിദ്യാര്‍ത്ഥി ഭവനിലെത്തി ഒരു പ്ലേറ്റ് മസാലദോശയും ഒരു കപ്പ് ഫില്‍ട്ടര്‍ കോഫിയും ആസ്വദിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. 1943ല്‍ സ്ഥാപിതമായ ദക്ഷിണേന്ത്യന്‍ വെജിറ്റേറിയന്‍ റെസ്റ്റോറന്റാണ് വിദ്യാര്‍ത്ഥി ഭവന്‍. ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റ് 2022നു വേണ്ടിയാണ് സീഗല്‍ ബംഗളൂരുവില്‍ എത്തിയത്. വിദ്യാര്‍ത്ഥി ഭവനിലെ ഗസ്റ്റ്ബുക്കില്‍ അദ്ദേഹം ഒരു കുറിപ്പ് എഴുതി. -സുഹൃത്തേ,നിങ്ങളുടെ ഇത്രയും പ്രശസ്തമായ ദക്ഷണം കഴിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇവിടെത്തെ അനുഭവം ഞാന്‍ എന്റെ നാട്ടിലേയ്ക്ക് കൊണ്ടുപോകും നന്ദി.' എന്നായിരുന്നു എഴുതിയത്. ഒപ്പം മൂന്ന് സ്റ്റാറും ആ പേജില്‍ അദ്ദേഹം വരച്ചു.
വിദ്യാര്‍ത്ഥി ഭവന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ചിത്രങ്ങളോടൊപ്പം തങ്ങളുടെ അനുഭവം അവര്‍ പങ്കു വച്ചു. 'സ്റ്റാര്‍ബക്‌സിന്റെ സഹസഥാപകനായ മിസ്റ്റര്‍ സെവ് സീഗല്‍ ഇന്ന് വൈകുന്നേരം വിദ്യാര്‍ത്ഥി ഭവനില്‍ എത്തിയതില്‍ ഞങ്ങള്‍ക്ക് അഭിമാനവും സന്തോഷവുമുണ്ട്. അദ്ദേഹം ഞങ്ങളുടെ മസാല ദോശയും കാപ്പിയും ആസ്വദിച്ചു. ഞങ്ങളുടെ ഗസ്റ്റ് ബുക്കിലും അത് പ്രകടമായി. 1971 മുതല്‍ സ്റ്റാര്‍ബക്സിന്റെ സഹസ്ഥാപകനായ ഒരു അമേരിക്കന്‍ വ്യവസായിയാണ് മിസ്റ്റര്‍ സെവ് സീഗല്‍. പിന്നീട് അദ്ദേഹം സ്റ്റാര്‍ബക്സിന്റെ വൈസ് പ്രസിഡന്റും ഡയറക്ടറുമായി സേവനമനുഷ്ഠിച്ചു. ഒരു സംരംഭകന്‍ എന്ന നിലയില്‍ തന്റെ അനുഭവങ്ങള്‍ പങ്കിടുന്നതിനായി ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റിനായാണ് അദ്ദേഹം ബംഗളൂരുവില്‍ വന്നത്.