ഷിംല- സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടര്‍ ശ്യാം ശരണ്‍ നേഗി (106) അന്തരിച്ചു. സ്വന്തം നാടായ ഹിമാചല്‍പ്രദേശിലെ കിന്നൗറില്‍ ഇന്ന് രാവിലെയാണ് അന്ത്യം. ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
നേഗിയുടെ സംസ്‌കാര ചടങ്ങുകള്‍ക്കുള്ള ക്രമീകരണങ്ങള്‍ ജില്ലാ ഭരണകൂടം നടത്തി വരികയാണെന്നും, അദ്ദേഹത്തിന് ആദരപൂര്‍വം വിട നല്‍കുമെന്നും ജില്ലാ കലക്ടര്‍ ആബിദ് ഹുസൈന്‍ പറഞ്ഞു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനായി നവംബര്‍ രണ്ടിന് തപാല്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. 1917 ജൂലായ് ഒന്നിനാണ് നേഗി ജനിച്ചത്. റിട്ട. സ്‌കൂള്‍ അദ്ധ്യാപകനാണ്. 1952ല്‍ നടന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പിലെ ആദ്യ വോട്ടറായ ശ്യാം, രാജ്യത്തെ ഏറ്റവും പ്രായംകൂടിയ വോട്ടറാണ്.സനം രേ എന്ന ഹിന്ദി സിനിമയില്‍ ശ്യാം ശരണ്‍ നേഗി അഭിനയിച്ചിട്ടുണ്ട്.