വിരസമാണ് റഷ്യ. 2008 ലെ യൂറോ കപ്പിൽ ആന്ദ്രെ അർഷവിനും സംഘവും കാഴ്ചവെച്ച ത്രസിപ്പിക്കുന്ന ആക്രമണം മാത്രമാണ് സമീപകാലത്തെ ഓർമയിൽ തങ്ങിനിൽക്കുന്നത്. ആ യൂറോ കപ്പിൽ അവർ സെമിയിലെത്തി. എന്നാൽ ലോകകപ്പിൽ സോവിയറ്റ് കാലഘട്ടത്തിനു ശേഷം അവർ ഗ്രൂപ്പ് ഘട്ടം കടന്നിട്ടില്ല. ഇത്തവണ കൂനിന്മേൽ കുരു പോലെ പരിക്കുകളും ആതിഥേയരെ വേട്ടയാടുകയാണ്. സോവിയറ്റ് കാലത്ത് 1958 ലും 1962 ലും 1970 ലും ക്വാർട്ടർ ഫൈനലിലെത്തിയിട്ടുണ്ട്.
2008 ലെ ആ യൂറോ കാലത്താണ് റഷ്യ ലോകകപ്പ് വേദി നേടിയെടുക്കുന്നത്. പിന്നീടങ്ങോട്ട് ദേശീയ ടീമിന്റെ കുതിപ്പ് താഴോട്ടേക്കാണ്. ഫ്രാൻസിൽ നടന്ന കഴിഞ്ഞ യൂറോ കപ്പിൽ റഷ്യ പേരെടുത്തത് ഫുട്‌ബോൾ ഭ്രാന്തന്മാരിലൂടെയാണ്.
താരതമ്യേന ദുർബലമാണ് റഷ്യയുടെ ഗ്രൂപ്പ്. 32 ടീമുകളിൽ റാങ്കിംഗിൽ തങ്ങളെക്കാൾ പിന്നിലുള്ള ഏക ടീമായ സൗദി അറേബ്യക്കെതിരെയാണ് ഉദ്ഘാടന മത്സരം. ഈജിപ്തും ഉറുഗ്വായ് യുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. മുഹമ്മദ് സലാഹിനെയും (ഈജിപ്ത്) ലൂയിസ് സോറസിനെയും (ഉറുഗ്വായ്) പോലുള്ള ലോകത്തെ ഒന്നാം കിട സ്‌ട്രൈക്കർമാരെ തടുത്തുനിർത്താനുള്ള പ്രതിരോധ ശേഷി റഷ്യക്കുണ്ടോയെന്ന് സംശയമാണ്. ഇനി ആദ്യ റൗണ്ട് കടന്നാൽ തന്നെ പ്രി ക്വാർട്ടറിൽ നേരിടേണ്ടി വരിക സ്‌പെയിനിനെയോ പോർചുഗലിനെയോ ആവും. റഷ്യൻ കളിക്കാരിൽ അധികവും ആഭ്യന്തര ലീഗുകളിൽ കളിക്കുന്നവരാണ്. വലിയ നിലവാരമില്ലാത്ത റഷ്യൻ ലീഗ് കളിക്കാരുടെ പ്രതിഭ മുരടിപ്പിക്കുന്നുവെന്ന് പരക്കെ ആക്ഷേപമുണ്ട്.
കോച്ച്
ടൂർണമെന്റിലെ ഏറ്റവും പ്രായമേറിയ കളിക്കാരുടെ ടീമായാണ് സ്റ്റാനിസ്‌ലാവ് ചെർചസോവ് യൂറോ 2016 ൽ റഷ്യയെ ഇറക്കിയത്.
മുൻ ഗോൾകീപ്പറാണ് ചെർചസോവ്. റോമൻ സോബ്‌നിൻ, അലക്‌സാണ്ടർ ഗൊളോവിൻ തുടങ്ങിയ യുവ കളിക്കാരെ പിന്നീട് ടീമിലെടുത്തു. മൂന്ന് സെൻട്രൽ ഡിഫന്റർമാർക്ക് പരിക്കേറ്റതും പകരക്കാർ പരുങ്ങുന്നതും ടീമിന് ആശങ്ക സമ്മാനിച്ചിട്ടുണ്ട്.
ഗോൾകീപ്പർമാർ
2008 ലെ യൂറോ കപ്പിലെ കിടിലൻ സെയിവുകളാണ് ക്യാപ്റ്റൻ ഇഗോർ അകിൻഫയേവിനെ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. വമ്പൻ ക്ലബ്ബുകൾ പിന്നാലെ കൂടിയെങ്കിലും ട്രാൻസ്ഫറുകൾ യാഥാർഥ്യമായില്ല. ഇന്നും അകിൻഫയേവ് സി.എസ്.കെ.എ മോസ്‌കോയിൽ തന്നെ. പ്രധാന കളികളിൽ പിഴക്കുന്ന പതിവുണ്ട് അകിൻഫയേവിന്. കഴിഞ്ഞ ലോകകപ്പിൽ അത്തരമൊരു പിഴവിൽ നിന്നാണ് തെക്കൻ കൊറിയ ഗോൾ മടക്കിയത്.
ഡിഫന്റർമാർ
വിക്ടർ വാസിനും ജോർജി ഷികിയയും ഗുരുതരമായ പരിക്കിലാണ്. പകരം കളിച്ച ഫയോദോർ കുദ്‌റിയാഷോവ്, റോമൻ ന്യൂസ്‌റ്റേറ്റർ, വ്‌ലാദിമിർ ഗ്രനാറ്റ് എന്നിവരെ സന്നാഹ മത്സരത്തിൽ ഫ്രഞ്ച് സ്‌ട്രൈക്കർമാർ പിച്ചിച്ചീന്തി. മുൻ ചെൽസി താരം യൂറി ഷിർകോവ് ലെഫ്റ്റ് വിംഗ്ബാക്കായും ബ്രസീലിൽ ജനിച്ച മാരിയൊ ഫെർണാണ്ടസ് വലതു വിംഗിലും കളിച്ചേക്കാം.
മിഡ്ഫീൽഡർമാർ
സോബ്‌നിനും ഗൊളോവിനും ശ്രദ്ധ പിടിച്ചുപറ്റി വരുന്നു. യൂറോ 2016 ൽ പരിഭ്രമിച്ചു പോയ ഗൊളോവിൻ ഇപ്പോൾ ആത്മവിശ്വാസം ആർജിച്ചു. ഡിഫൻസിവ് മിഡ്ഫീൽഡർ ഡെനിസ് ഗ്‌ലുഷാകോവ് അത്ര വിശ്വസ്തനല്ല. യൂറോപ്പിലെ മികച്ച പ്ലേമേക്കർമാരിലൊരാളാവുമെന്ന് കരുതപ്പെട്ടിരുന്ന അലൻ സൊഗോയേവിന് തന്റെ പ്രതിഭ തെളിയിക്കാനുള്ള അവസാന അവസരമായിരിക്കും ലോകകപ്പ്.
ഫോർവേഡുകൾ
അലക്‌സാണ്ടർ കൊകോറിന്റെ പരിക്ക് പ്രഹരശേഷി വല്ലാതെ കുറച്ചിട്ടുണ്ട്. ഫയദോർ സമോലോവ് റഷ്യൻ ലീഗിൽ കഴിഞ്ഞ മൂന്നു സീസണിലെ ടോപ്‌സ്‌കോററാണ്. ദിമിത്രി പൊലോസും ആന്റൺ സബലോത്‌നിയും എത്ര മികവു കാട്ടുമെന്ന് കണ്ടറിയുക തന്നെ വേണം. ക്ലബ്ബുമായി ഉരസിയതിനാൽ കരിയറിന് ക്ഷതം നേരിട്ട ആർതിയോം സിയൂബയെയും തിരിച്ചുവിളിച്ചേക്കാം.
മത്സരങ്ങൾ
ജൂൺ 14 ന് ഉദ്ഘാടന മത്സരത്തിൽ സൗദി അറേബ്യയെ നേരിടും. മോസ്‌കോയിലെ ടീം താവളത്തിനടുത്താണ് ഈ മത്സരം. ജൂൺ 19 ന് ഈജിപ്തുമായും 25 ന് ഉറുഗ്വായ് യുമായും കളിക്കും.
സലാഹിന്റെ വസന്തം
ലിവർപൂളിൽ ഈ സീസണിൽ മുഹമ്മദ് സലാഹ് സൃഷ്ടിച്ച തിളക്കം ലോക ഫുട്‌ബോളിനെ വെളിച്ചത്തിൽ കുളിപ്പിച്ചിരിക്കുകയാണ്. 28 വർഷത്തിനു ശേഷം ഈജിപ്തിനെ ലോകകപ്പിലേക്ക് തിരിച്ചുകൊണ്ടുവന്നതിലും സ്‌ട്രൈക്കറുടെ പങ്ക് നിസ്തുലമാണ്. പക്ഷെ ലോകകപ്പ് മറ്റൊരു തലത്തിലാണ്. ഈജിപ്തിനെ ഗ്രൂപ്പ് ഘട്ടം കടത്തേണ്ട ബാധ്യത സലാഹിന്റെ ചുമലിലാണ്, അത് അസാധ്യമല്ല താനും. ഹെഡറുകൾ തടുക്കുന്നതിൽ ഈജിപ്തിന്റെ ദൗർബല്യം ഇതിനകം എതിരാളികൾ നോട്ടമിട്ടു കഴിഞ്ഞു. പോർചുഗലിനെതിരായ സന്നാഹ മത്സരത്തിൽ സലാഹ് ഈജിപ്തിന് ലീഡ് നേടിക്കൊടുത്തതായിരുന്നു. അവസാന വേളയിൽ ക്രിസ്റ്റിയാനൊ റൊണാൾഡൊ രണ്ട് ഹെഡറിലൂടെ വിജയം തട്ടിയെടുത്തു. ഗ്രീസും സന്നാഹ മത്സരം ജയിച്ചത് ഹെഡർ ഗോളിലായിരുന്നു. മിസ്പാസുകളും മോശം ഫിനിഷിംഗുമാണ് മറ്റു ദൗർബല്യങ്ങൾ.
കോച്ച്
2015 ൽ അർജന്റീനക്കാരൻ ഹെക്ടർ കൂപ്പർ ചുമതലയേറ്റെടുക്കുമ്പോൾ ഏഴു തവണ ആഫ്രിക്കൻ ചാമ്പ്യന്മാരായ ഈജിപ്തിന് കഴിഞ്ഞ മൂന്ന് ആഫ്രിക്കൻ കപ്പിന് യോഗ്യത നേടാൻ പോലും സാധിച്ചിട്ടില്ലായിരുന്നു. 2017 ൽ ആഫ്രിക്കൻ കപ്പ് ഫൈനലിലേക്ക് ഈജിപ്തിനെ ആനയിക്കാൻ കൂപ്പർക്ക് സാധിച്ചു. ഒരു കളി ശേഷിക്കെ ലോകകപ്പിന് യോഗ്യത നേടി. വിമർശനങ്ങൾ സ്തുതിഗീതമായി മാറി. ലോകകപ്പ് കഴിഞ്ഞും കൂപ്പറെ എങ്ങനെ നിലനിർത്താം എന്ന ചർച്ചയാണ് ഇപ്പോൾ കൊഴുക്കുന്നത്.
ഗോൾകീപ്പർമാർ
നാൽപത്തഞ്ചുകാരൻ ഇസ്സാം അൽഹദരി ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായമേറിയ കളിക്കാരനാവാനൊരുങ്ങുകയാണ്. മൂന്നു പതിറ്റാണ്ട് നീണ്ട കരിയറിൽ സ്വിറ്റ്‌സർലന്റിലും സുഡാനിലുമൊക്കെ കളിച്ചിട്ടുള്ള ഇസ്സാം ഇപ്പോൾ സൗദി അറേബ്യയിൽ അത്തആവുന്റെ വല കാക്കുകയാണ്. പഴയ ജാഗ്രത പുലർത്താനാവുന്നില്ലെന്നതാണ് ഇസ്സാമിന്റെ പ്രശ്‌നം. രണ്ടാം ഗോളി അഹ്മദ് അൽഷെന്നാവിക്ക് പരിക്കേറ്റത് തിരിച്ചടിയാണ്. പകരം അൽ അഹ്‌ലിയുടെ മുഹമ്മദ് അൽഷെന്നാവിക്ക് അവസരം ലഭിച്ചേക്കും.
ഡിഫന്റർമാർ
ആറടി നാലിഞ്ചുകാരൻ അഹ്മദ് ഹിജാസിയാണ് പ്രതിരോധത്തിലെ ഉരുക്കുഭിത്തി. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ വെസ്റ്റ്‌ബ്രോം മങ്ങിയപ്പോഴും ഇരുപത്തൊമ്പതുകാരന്റെ പ്രതിരോധ മികവ് ശ്രദ്ധിക്കപ്പെട്ടു. വെസ്റ്റ്‌ബ്രോമിൽ റിസർവ് ബെഞ്ചിലാണെങ്കിലും അലി ജബർ ദേശീയ ടീമിൽ ഹിജാസിക്കൊപ്പം പ്രതിരോധം കാക്കുന്നു. വിംഗുകളിൽ അഹ്മദ് ഫാതിയും മുഹമ്മദ് അബ്ദൽശാഫിയുമുണ്ടാവും. സഅദ് സമീർ, അയ്മൻ അശ്‌റഫ്, ആസ്റ്റൺവില്ലയുടെ അഹ്മദ് അൽമുഹമ്മദി എന്നിവർ റിസർവ് നിരയിലുണ്ട്.
മിഡ്ഫീൽഡർമാർ
പരിക്കേറ്റ ആഴ്‌സനൽ താരം മുഹമ്മദ് അൽനെനി പൂർണമായി സുഖം പ്രാപിക്കട്ടെയെന്ന പ്രാർഥനയിലാണ് ഈജിപ്ത്. അൽനെനിയും ഫിൻലന്റിൽ കളിക്കുന്ന അബ്ദുല്ല സെയ്ദുമാണ് മധ്യനിരയുടെ ആണിക്കല്ല്. അവർ താളപ്പൊരുത്തത്തിനനുസരിച്ചിരിക്കും സലാഹിലേക്കുള്ള പന്തിന്റെ നിരന്തരമായ സപ്ലൈ. ഒപ്പം താരിഖ് ഹമദും ഗ്രീക് ക്ലബ് അട്രോമിറ്റോസിനു കളിക്കുന്ന അംറ് വർധയുമുണ്ടാവും.
ഫോർവേഡുകൾ
യൂറോപ്പ് കീഴടക്കിയ സലാഹ് ലോകം കീഴടക്കാനുള്ള യത്‌നത്തിലായിരിക്കും. നിരന്തരം പൊസിഷൻ മാറി എതിരാളികളെ കബളിപ്പിക്കാറുണ്ട് സലാഹ്. എന്നാൽ ലിവർപൂളിലേതു പോലെ മധ്യനിരയിൽ നിന്നോ സഹ സ്‌ട്രൈക്കർമാരിൽ നിന്നോ പിന്തുണ സലാഹിന് പ്രതീക്ഷിക്കാനാവില്ല. ട്രസഗ്വെ എന്നറിയപ്പെടുന്ന മഹ്മൂദ് ഹസനാണ് മുൻനിരയിൽ കൂട്ടാളി. തുർക്കി ക്ലബ്ബിലാണ് ട്രസഗ്വെ. സൗദി അറേബ്യയിൽ കളിക്കുന്ന കഹർബ എന്നറിയപ്പെടുന്ന മഹ്മൂദ് അബ്ദുൽ മുനൈമും കൂട്ടിനുണ്ടാവും. സ്‌റ്റോക്ക് സിറ്റിയിൽ വലിയ അവസരം കിട്ടാതെ വിഷമിക്കുന്ന ഇരുപത്തൊന്നുകാരൻ റമദാൻ സുബ്ഹിയെ മിഡ്ഫീൽഡറായും മുൻനിരയിലും ഉപയോഗിക്കാം.
റഷ്യയിൽ
1934 ൽ ആദ്യം ലോകകപ്പ് കളിച്ച ആഫ്രിക്കൻ ടീമാണ് ഈജിപ്ത്. 1934 ലും 1990 ലും ലോകകപ്പ് കളിച്ചപ്പോൾ ഈജിപ്ത് ഗ്രൂപ്പ് ഘട്ടം കടന്നിട്ടില്ല. ചെചനിയയിലെ ഗ്രോസ്‌നിയിലാണ് ടീമിന്റെ താവളം. ജൂൺ 15 ന് ഉറുഗ്വായയെയും 19 ന് റഷ്യയെയും 25 ന് സൗദിയെയും നേരിടും.
ചിറകടിക്കാൻ ഫാൽക്കനുകൾ
കഴിഞ്ഞ 25 വർഷത്തിനിടെ മുപ്പതിലേറെ കോച്ചുമാരുടെ കൈയിലൂടെ കടന്നുപോയ ടീമാണ് സൗദി അറേബ്യ. നിരന്തരമായി ആക്രമിക്കുന്ന ശൈലിയിലൂടെ ചിലെയെ 2016 ലെ കോപ അമേരിക്ക കിരീടത്തിലേക്കു നയിച്ച യുവാൻ ആന്റോണിയൊ പിസിക്കാണ് ഇപ്പോൾ ചുമതല. പക്ഷെ ആ ശൈലി ആവർത്തിക്കുക എളുപ്പമായിരിക്കും. സൗദി ലോകകപ്പിലെ ഏറ്റവും റാങ്കിംഗ് കുറഞ്ഞ ടീമാണ് (70), കളിക്കാരെല്ലാം സൗദി ലീഗിൽ മാത്രം കളിച്ച പരിചയമുള്ളവരാണ്. ജനുവരിയിൽ നാല് ഇന്റർനാഷനൽ താരങ്ങളുൾപ്പെടെ ഒമ്പത് പേരെ സ്‌പെയിനിൽ കളിക്കാൻ സൗദി അധികൃതർ അയച്ചു. വിംഗർമാരായ ഫഹദ് അൽ മുവല്ലദ്, സാലിം അൽദോസരി, മിഡ്ഫീൽഡർ യഹിയ അൽശെഹ്രി എന്നിവരെല്ലാം യൂറോപ്യൻ പരിശീലന രീതികളിലൂടെ കടന്നുപോയെങ്കിലും ആർക്കും ഫസ്റ്റ് ടീമിൽ ഇടം കിട്ടിയില്ല.
1994 ൽ സൗദിയുടെ ലോകകപ്പ് അരങ്ങേറ്റം അവിസ്മരണീയമായിരുന്നു. സഈദ് ഉവൈറാന്റെ ഗോളും മൊറോക്കോക്കും ബെൽജിയത്തിനുമെതിരായ ജയങ്ങളും ടീമിനെ നോക്കൗട്ട് റൗണ്ടിലെത്തിച്ചു. പിന്നീട് മുപ്പതോളം കോച്ചുമാർ മാറിമാറി വന്നെങ്കിലും 1998, 2002, 2006 ലോകകപ്പുകളിലായി രണ്ട് സമനിലകൾ മാത്രമാണ് സമ്പാദ്യം.
2010 ലെ ലോകകപ്പിൽ നെതർലാന്റ്‌സിനെ ഫൈനലിലെത്തിച്ച ബെർട് വാൻ മാർവിക്കാണ് സൗദിക്ക് 12 വർഷത്തിനു ശേഷം ബെർത്ത് നേടിക്കൊടുത്തത്. എന്നാൽ പിന്നീട് കരാർ നിബന്ധനകൾ അംഗീകരിക്കാൻ ഡച്ചുകാരൻ തയാറായില്ല. പകരം വന്ന മുൻ അർജന്റീനാ കോച്ച് എഡ്ഗാഡൊ ബൗസയുടെ കീഴിൽ അഞ്ച് സന്നാഹ മത്സരങ്ങൾ കളിച്ചു. ഫലം നിരാശപ്പെടുത്തിയതോടെ രണ്ടു മാസത്തിനകം പുറത്താക്കപ്പെട്ടു.
കോച്ച്
ചിലെ ലോകകപ്പ് യോഗ്യത നേടാതിരുന്നതോടെയാണ് പിസി പുതിയ ലാവണം തേടിയത്. വാൻ മാർവിക്കിനു കീഴിൽ നേരിട്ടുള്ള കുതിപ്പ് സ്വീകരിച്ച കളിക്കാരെ പാസ് ചെയ്ത് മുന്നേറുന്ന രീതി ശീലിപ്പിക്കാൻ പിസി ശ്രമിക്കുന്നുണ്ട്. ഗ്രൂപ്പ് ഘട്ടം കടക്കുകാണ് സൗദിയുടെ ലക്ഷ്യം.
ഗോൾകീപ്പർമാർ
നാല് ഗോൾകീപ്പർമാരിൽ ആർക്കൊക്കെ അവസരം കിട്ടുമെന്ന് തീരുമാനിച്ചിട്ടില്ല. വലീദ അബ്ദുല്ലക്കും യാസിർ അൽമുസൈലിമിനുമാണ് സാധ്യത. പരിചയസമ്പന്നനായ വലീദിനാണ് മെയ്ക്കരുത്തുള്ള സ്‌ട്രൈക്കർമാർക്കു മുന്നിൽ പിടിച്ചുനിൽക്കാനുള്ള ശേഷി കൂടുതൽ. ഉക്രൈനെതിരായ സന്നാഹ മത്സരത്തിൽ യാസിറായിരുന്നു വല കാത്തത്.
ഡിഫന്റർമാർ
ഉസാമ ഹൗസാവിക്ക് 34 ആയി, ഉമർ ഹൗസാവിക്ക് മുപ്പത്തിരണ്ടും. മിന്നൽവേഗത്തിൽ നീങ്ങുന്ന സ്‌ട്രൈക്കർമാർക്കെതിരെ പിടിച്ചുനിൽക്കാൻ പഴയ പടക്കുതിരകൾക്ക് എത്ര കണ്ടു സാധിക്കുമെന്ന് കണ്ടറിയണം.
മിഡ്ഫീൽഡർമാർ
ലൂക്ക മോദ്‌റിച്ചിനോട് താരതമ്യം ചെയ്യപ്പെടുന്ന ഡിഫൻസിവ് മിഡ്ഫീൽഡറാണ് അബ്ദുല്ല ഉതൈഫ്. ആക്രമണങ്ങൾ തുടങ്ങേണ്ടത് ഇരുപത്തഞ്ചുകാരനിൽ നിന്നാണ്. 130 മത്സരങ്ങളുടെ പരിചയസമ്പത്തുണ്ട് തൈസീർ അൽജാസിമിന്. യഹ്യയയാണ് അവസരങ്ങളൊരുക്കേണ്ടത്.
ഫോർവേഡുകൾ
മുൻനിരയിലും വയസ്സൻ കാലുകളാണ്. മുഹമ്മദ് ്ൽസഹ്‌ലവിയും നാസർ അൽശംറാനിയും മുപ്പത് കഴിഞ്ഞു. കരുത്തരായ ഡിഫന്റർമാരെ മറികടക്കാൻ പ്രയാസപ്പെടും. വിംഗുകളിലാണ് ശക്തി, സാലിമും ഫഹദും. ഇരുവരും സ്‌പെയിനിൽ റിസർവ് ബെഞ്ചിലിരുന്നത് മത്സരക്ഷമതയെ ബാധിച്ചുവോയെന്നതാണ് പ്രശ്‌നം.
റഷ്യയിൽ
സെയ്ന്റ്പീറ്റേഴ്‌സ്ബർഗിലാണ് സൗദിയുടെ താവളം. റഷ്യക്കെതിരായ ജൂൺ 14 ലെ ഉദ്ഘാടന മത്സരം കളിക്കേണ്ടത് മോസ്‌കോയിലാണ്. 20 ന് റോസ്‌റ്റോവിൽ ഉറുഗ്വായെയും 25 ന് വോൾഗോഗ്രാഡിൽ ഈജിപ്തിനെയും നേരിടണം.
കെട്ടുപൊട്ടിക്കുമോ സോറസ്
ഇറ്റലിയുടെ ഡിഫന്റർ ജോർജിയൊ കിയലീനിയുടെ ചെവി കടിച്ചതിന് ലൂയിസ് സോറസ് പുറത്താക്കപ്പെട്ടത് 2014 ലെ ലോകകപ്പിലെ മഹാസംഭവങ്ങളിലൊന്നായിരുന്നു. പ്രി ക്വാർട്ടറിൽ കൊളംബിയയോട് ഉറുഗ്വായ് തോൽക്കുന്നതിന് പ്രധാന കാരണം സോറസിന്റെ അഭാവമായിരുന്നു. രണ്ടു ഗോളടിച്ച് ഫോമിൽ നിൽക്കുകയായിരുന്നു സോറസ്. ആ പിഴവിന് പ്രായശ്ചിത്തം ചെയ്യാനുള്ള വാശിയിലാണ് ബാഴ്‌സലോണാ സ്‌ട്രൈക്കർ.
തുടർച്ചയായി നാലു തവണ ലോകകപ്പ് പ്ലേഓഫ് കളിക്കാൻ വിധിക്കപ്പെട്ട ടീമായിരുന്നു ഉറുഗ്വായ്. ഇത്തവണ ആ ചരിത്രം തിരുത്തി ബ്രസീലിനു പിന്നിൽ രണ്ടാം സ്ഥാനത്തോടെ സുഗമമായി ഫൈനൽ റൗണ്ട് ഉറപ്പിച്ചു.
കോച്ച്
1990 മുതൽ പരിശീലക സ്ഥാനത്തുണ്ട് ഓസ്‌കർ തബരേസ്. നാലാമത്തെ ലോകകപ്പാണ് ഇത്. 1987 ൽ പേനറോളിനെ കോപ ലിബർട്ടഡോറസ് കിരീടത്തിലേക്കും 1992 ൽ ബൊക്ക ജൂനിയേഴ്‌സിനെ അർജന്റീനാ ലീഗ് കിരീടത്തിലേക്കും നയിച്ചിട്ടുണ്ട് എഴുപത്തൊന്നുകാരൻ. 2016 ൽ ശരീരത്തിലെ പ്രതിരോധ ശേഷിയെ ബാധിക്കുന്ന അപൂർവ രോഗം കണ്ടെത്തിയതിനെത്തുടർന്ന് വീൽചെയറിലാണ് ഇപ്പോൾ തബാരേസ്.
ഗോൾകീപ്പർമാർ
തുർക്കിയിൽ ഗലതസറായുടെ വല കാക്കുന്ന ഫെർണാണ്ടൊ മുസ്‌ലേരക്ക് ഇത് മൂന്നാം ലോകകപ്പായിരിക്കും.
ഡിഫന്റർമാർ
അത്‌ലറ്റിക്കൊ മഡ്രീഡിൽ പ്രതിരോധക്കോട്ട കെട്ടുന്ന ഡിയേഗൊ ഗോദീനും ജോസെ ജിമനസും തന്നെയാണ് ഉറുഗ്വായുടെ പ്രതിരോധവും നോക്കുന്നത്. നൂറിലേറെ തവണ ഉറുഗ്വായ് കുപ്പായമിട്ട ഗോദീൻ 2014 ൽ ഇറ്റലിക്കെതിരെ ഗോളടിച്ചു. നാലാമത്തെ ലോകകപ്പാണ് ഇത്. ഇരുപത്തിമൂന്നുകാരനായ ജിമെനെസും ഒരു ലോകകപ്പ് കളിച്ചു കഴിഞ്ഞു. ലാസിയോയുടെ വിംഗ്ബാക്ക് മാർടിൻ കസേരെസ് ഇവർക്കൊപ്പമുണ്ടാവും.
മിഡ്ഫീൽഡർമാർ
പ്രതിരോധിക്കുന്നതിൽ മിടുക്കന്മാരാണ് ഉറുഗ്വായ് മധ്യനിര. അവസരങ്ങളൊരുക്കുന്ന കാര്യത്തിലാണ് സംശയം.യോഗ്യതാ റൗണ്ടിൽ യുവ താരങ്ങളായ ഫെഡറിക്കൊ വാൽവെർദെ, നഹിതാൻ നാൻഡെസ്, റോഡ്രിഗൊ ബെന്റാഷൂർ എന്നിവരെയൊക്കെ കോച്ച് പരീക്ഷിച്ചു.
ഫോർവേഡുകൾ
സോറസും എഡിൻസൻ കവാനിയുമാണ് ടീമിന്റെ ശക്തി. 50 ഗോളടിച്ച് ഉറുഗ്വായ് പട്ടികയിൽ മുന്നിലുള്ള സോറസ് ബാഴ്‌സലോണയിലെ മിന്നുന്ന പ്രകടനവുമായാണ് വരുന്നത്. പി.എസ്.ജിയുടെ കുന്തമുന കവാനിയാണ് (41) രണ്ടാം സ്ഥാനത്ത്. ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ 10 ഗോളുമായി മുന്നിലെത്തി കവാനി.
റഷ്യയിൽ
നിഷ്‌നി നോവ്‌ഗൊരോദിൽ താവളമടിക്കുന്ന ഉറുഗ്വായ് ജൂൺ 15 ന് ഈജിപ്തുമായി ഏറ്റുമുട്ടും. 20 ന് സൗദി അറേബ്യയെയും 25 ന് റഷ്യയെയും നേരിടും.
ഈജിപ്തിന് ആദ്യ നോക്കൗട്ട്
ടൂർണമെന്റിലെ ഏറ്റവും റാങ്കിംഗ് കുറഞ്ഞ ടീമുകൾ ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുന്നത് ചരിത്രത്തിലാദ്യമാണ്. റഷ്യ, സൗദി അറേബ്യ ടീമുകൾ റാങ്കിംഗിൽ പിന്നിലാണെന്നതിനു പുറമെ ഇരു ടീമുകളിലും ലോക നിലവാരത്തിലുള്ള കളിക്കാരുമില്ല. ഈ ടീമുകളിൽ ഏതാണ് മൂന്നാം സ്ഥാനത്ത് പോവുക എന്നതായിരിക്കും ചോദ്യം. ഈജിപ്തിനെ സൗദി അട്ടിമറിച്ചാൽ കാര്യങ്ങൾ കുഴയും.
ഉറുഗ്വായും ഈജിപ്തും മികച്ച കളിക്കാരുമായാണ് വരുന്നത്. ഈ ടീമുകൾ തമ്മിലുള്ള പോരാട്ടം ശ്രദ്ധേയമാവും. സോറസും കവാനിയും ഒരു വശത്തും മുഹമ്മദ് സലാഹും മുഹമ്മദ് അൽനെനിയും മറുവശത്തും. ഈജിപ്തിനെ തോൽപിച്ച് ഉറുഗ്വായ് ഗ്രൂപ്പ് ചാമ്പ്യന്മാരാവാനാണ് സാധ്യത. ഉദ്ഘാടന മത്സരം ജയിച്ച ആശ്വാസവുമായി റഷ്യ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നേക്കാം.