Sorry, you need to enable JavaScript to visit this website.

പള്ളിയില്‍ നമസ്‌കരിക്കുന്ന കെജ്‌രിവാള്‍; വ്യാജ ഫോട്ടോയുമായി സംഘ് പരിവാര്‍

ന്യൂദല്‍ഹി- നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ ഹിന്ദു വോട്ടര്‍മാരെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്ന ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെ വെള്ളം കുടിപ്പിക്കാന്‍ വ്യാജ ഫോട്ടോയുമായി സംഘ്പരിവാര്‍.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പ് തന്നെ ഗുജറാത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണം ആരംഭിച്ചിരുന്നു. ഭരണകക്ഷിയായ ബി.ജെ.പിക്ക് ഏറ്റവും ഭീഷണി ഉയര്‍ത്തി രംഗത്തുള്ളത് ആം ആദ്മി പാര്‍ട്ടിയാണ്. എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ആം ആദ്മി ശക്തമായ പ്രചാരണ പരിപാടികളാണ് ഗുജറാത്തില്‍ നടത്തുന്നത്.
ബി.ജെ.പിയെ വെല്ലുന്ന ഹിന്ദു പ്രീണന പ്രസ്താവനകളാണ് കെജ് രിവാള്‍ നടത്തുന്നത്. ഇന്ത്യന്‍ കറന്‍സികളില്‍ ഹിന്ദു ദേവിമാരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ഗുജറാത്തില്‍ ഭരണം കിട്ടിയാല്‍ എല്ലാവര്‍ക്കും അയോധ്യയിലേക്ക് സൗജന്യ യാത്ര ഒരുക്കുമെന്നാണ് പറയുന്നത്.
ഹൈദരാബാദില്‍ സന്ദര്‍ശനത്തിനെത്തിയ കെജ് രിവാള്‍ മസ്ജിദില്‍ നമസ്‌കരിക്കുന്നു എന്ന പേരിലാണ് സംഘ് പരിവാര്‍ വ്യാജ ഫോട്ടോ വൈറലാക്കുന്നത്. മുസ്‌ലിംകള്‍ ധരിക്കുന്ന തൊപ്പിയും ഷാളും അണിഞ്ഞ് പ്രാര്‍ഥനയില്‍ മുഴുകിയിരിക്കുന്ന ചിത്രമാണ് ഹൈദരാബാദിലേത് എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍, ഈ ചിത്രം 2016ല്‍ പഞ്ചാബിലെ ഒരു മസ്ജിദില്‍  ഇഫ്താര്‍ പരിപാടിയില്‍ കെജ് രിവാള്‍ പങ്കെടുത്ത ചിത്രമാണ്. പഞ്ചാബിലെ പട്യാലയിലുള്ള സംഗ്രൂര്‍ മലേര്‍കൊട്‌ലയിലെ പള്ളിയില്‍ വിശ്വാസികളോടൊപ്പം നോമ്പുതുറയില്‍ പങ്കെടുക്കുന്ന കെജ് രിവാള്‍ എന്നാണ് ഈ ചിത്രത്തിന്റെ  ചിത്രത്തിന്റെ യഥാര്‍ഥ കാപ്ഷന്‍.

 

Latest News