മംഗളൂരു- കാന്താര എന്ന സിനിമയെ അനുകരിച്ച് ദൈവത്തിന്റെ മുഖചിത്രം (ദൈവ മുഖവര്‍ണികെ) അവതരിപ്പിച്ചതിന് സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശം നേരിട്ട ഹൈദരാബാദ് സ്വദേശിനിയായ യുവതി ധര്‍മ്മസ്ഥലയിലെ മഞ്ജുനാഥ ക്ഷേത്രത്തില്‍ പിഴയടക്കുകയും ധര്‍മ്മാധികാരി ഡി.വീരേന്ദ്ര ഹെഗ്ഗഡെയോട് മാപ്പ് ചോദിക്കുകയും ചെയ്തു.
കന്താര സിനിമയിലെ ദൈവകഥാപാത്രത്തോട് സാമ്യമുള്ള തരത്തിലാണ് യുവതി മുഖം വരച്ചത്. എന്നിരുന്നാലും, ദൈവരാധക വേഷം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അവര്‍ യക്ഷഗാന വേഷമാണ് വരച്ചത്. ഇത് കര്‍ണാടക തീരദേശത്തെ നെറ്റിസണ്‍മാരില്‍ നിന്ന് വ്യാപക വിമര്‍ശനം ക്ഷണിച്ചുവരുത്തി
യക്ഷഗാന വേഷം ദൈവ മുഖവര്‍ണികെയുടേതാണെന്ന് തെറ്റിദ്ധരിച്ച് തെറ്റ് വരുത്തിയെന്ന് അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സോഷ്യല്‍ മീഡിയയിലെ രോഷത്തിനു പിന്നാലെ തെറ്റ് മനസ്സിലാക്കിയ അവര്‍ വികാരം വ്രണപ്പെടുത്തിയതിന് ദൈവരാധകരോടും തീരദേശ കര്‍ണാടകക്കാരോടും ക്ഷമ ചോദിക്കുകയും ചെയ്തു.
ദക്ഷിണ കന്നഡ പ്രദേശത്തെ ദൈവാരാധനയെക്കുറിച്ചുള്ള പരമ്പരാഗത വിശ്വാസങ്ങളുടെ പശ്ചാത്തലത്തില്‍ പ്രകൃതിയുമായുള്ള മനുഷ്യന്റെ സംഘര്‍ഷത്തെ പ്രമേയമാക്കി നിര്‍മിച്ച ഋഷബ് ഷെട്ടിയുടെ കന്നഡ സിനിമയാണ് കാന്താര.
കാന്താര വലിയ വിജയമായി പ്രദര്‍ശനം തുടരുകയാണ്. ആക്്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ കാഡുബെട്ടു ശിവ എന്ന കേന്ദ്ര കഥാപാത്രത്തെയും അയാളുടെ അച്ഛനെയും അവതരിപ്പിച്ചിരിക്കുന്നതും ഋഷബ് ആണ്. ചിത്രത്തെ പ്രശംസിച്ച് താരങ്ങളടക്കം നിരവധി പേരാണ് രംഗത്തെത്തിയത്. രജനികാന്തും കാന്താരയെ പ്രശംസിച്ച് എത്തിയിരുന്നു.
രജനികാന്തിന്റെ ചെന്നൈയിലെ വസതിയിലെത്തി ഋഷഭ് ഷെട്ടി കൂടിക്കാഴ്ച നടത്തി. 'മാസ്റ്ററും ശിഷ്യനും' എന്ന് കുറിച്ചാണ് ഹോംബാലെ ഫിലിംസ് ചിത്രങ്ങള്‍ പങ്കുവെച്ചത്. നിങ്ങള്‍ ഞങ്ങളെ ഒരിക്കല്‍ പ്രശംസിക്കുമ്പോള്‍ ഞങ്ങള്‍ നിങ്ങളെ നൂറു തവണ പ്രശംസിക്കണം. ഞങ്ങളുടെ കാന്താരയ്ക്കുള്ള നിങ്ങളുടെ അഭിനന്ദനത്തിന് ഞങ്ങള്‍ എപ്പോഴും നന്ദിയുള്ളവരാണ്' എന്ന് ഋഷഭ് ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു.
അറിയുന്നതിനേക്കാള്‍ കൂടുതലാണ് അറിയാത്തത്. കാന്താര സിനിമ എനിക്ക് രോമാഞ്ചമുണ്ടാക്കി. ഒരു എഴുത്തുകാരന്‍, സംവിധായകന്‍, നടന്‍ എന്നീ നിലകളില്‍ തിളങ്ങിയ പ്രിയപ്പെട്ട ഋഷഭ്, നിങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍. ഇന്ത്യന്‍ സിനിമയിലെ ഈ മാസ്റ്റര്‍പീസിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നു,' എന്നാണ് രജനികാന്ത് കാന്താരയെ പ്രശംസിച്ചിച്ച് രജനികാന്ത് ട്വീറ്റ് ചെയ്തത്.
ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ഋഷഭ് തന്നെയാണ്. ദ്യശ്യ മികവ് കൊണ്ടും അഭിനയവും കഥയും കൊണ്ടും കന്നഡ സിനിമയില്‍ വലിയ ചലനം ഉണ്ടാക്കാന്‍ കാന്തരയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഈയടുത്തിറങ്ങിയ 'കെജിഎഫ് 2'വിന്റെ സ്വീകാര്യതയെ അട്ടിമറിച്ചുകൊണ്ടാണ് കാന്താര വിജയം നേടിയത്.