കാബൂൾ- അഫ്ഗാനിസ്ഥാനിലെ വടക്കൻ പ്രവിശ്യയായ ബഗലാനിൽ വൈദ്യുതി നിലയം നിർമ്മാണ പദ്ധതിയുടെ ഭാഗമായി ജോലി ചെയ്തു വരികയായിരുന്ന ഏഴ് ഇന്ത്യൻ എൻജിനീയർമാരേയും ഒരു അഫ്ഗാൻ പൗരനേയും അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയി. ജോലിസ്ഥലത്തേക്ക് മിനി വാനിൽ പോകുന്നതിനിടെയാണ് വാനിന്റെ െ്രെഡവറെ അടക്കം എട്ടു പേരെ ആയുധധാരികളായ സംഘം തട്ടിക്കൊണ്ടു പോയത്. സംഭവം അഫ്ഗാനിലെ ഇന്ത്യൻ എംബസിയും സ്ഥിരീകരിച്ചു. ഇവരുടെ മോചനത്തിനായി ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും എംബസി അറിയിച്ചു.
തട്ടിക്കൊണ്ടു പോയ സംഘം ആരാണെന്ന് വ്യക്തമായിട്ടില്ല. ഉത്തരവാദിത്തം ഏറ്റെടുത്തോ മോചനദ്രവ്യം ആവശ്യപ്പെട്ടോ ആരും ഇതുവരെ രംഗത്തെത്തിയിട്ടില്ല. ദാരിദ്ര്യവും തൊഴിലില്ലായ്മയും രൂക്ഷമായ അഫ്ഗാനിൽ തട്ടിക്കൊണ്ടു പോകലും കുറ്റപ്പിരിവും വ്യാപകമാണ്. അതേസമയം അഫ്ഗാൻ സർക്കാരിനെതിരെ പോരാട്ടം ശക്തമാക്കിയ താലിബാൻ തീവ്രവാദികളാകാം ഇതിനു പിന്നിലെന്നും സംശയമുണ്ട്. എന്നാൽ ഇതു സ്ഥിരീകരിച്ചിട്ടില്ല.
150ലേറെ എഞ്ചിനീയർമാരും സാങ്കേതിക വിദഗ്ധരും അഫ്ഗാനിൽ വിവിധ സർക്കാർ പദ്ധതികളുടെ ഭാഗമായി ജോലി ചെയ്തുവരുന്നുണ്ടെന്ന് എംബസി അറിയിച്ചു. 2016ൽ ഒരു ഇന്ത്യൻ സന്നദ്ധ പ്രവർത്തകയെ തട്ടിക്കൊണ്ടു പോയിരുന്നു. 40 ദിവസത്തിനു ശേഷം ഇവർ മോചിതയായി.