ന്യൂദല്‍ഹി-ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തതിനെതിരായ ഹരജിയില്‍ പുതിയ ട്വിറ്റര്‍ മേധാവി എലോണ്‍ മസ്‌കിനെ കക്ഷിയാക്കാന്‍ ആവശ്യപ്പെട്ട യുവതിക്ക് ദല്‍ഹി ഹൈക്കോടതി 25,000 രൂപ പിഴ ചുമത്തി.
ഹരജി തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ട്വിറ്റര്‍ അതോറിറ്റിയാണ് പ്രതിനിധീകരിക്കുന്നതെന്നും അതിനാല്‍ ഈ അപേക്ഷ യുടെ ആവശ്യമില്ലെന്നും ജസ്റ്റിസ് യശ്വന്ത് വര്‍മ്മ വ്യക്തമാക്കി. ഡിംപിള്‍ കൗള്‍ നല്‍കിയ ഹരജി കോടതി ചെലവ് സഹിതം തള്ളി.
അടുത്തിടെ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോം ഏറ്റെടുത്ത മസ്‌കിനെ പ്രതിയാക്കുന്നതിനെ
ട്വിറ്ററിനെ പ്രതിനിധീകരിച്ച മുതിര്‍ന്ന അഭിഭാഷകന്‍ സാജന്‍ പൂവയ്യ എതിര്‍ത്തു.
ട്വിറ്ററിന്റെ ഏക ഡയറക്ടറായ മസ്‌കിന് അതിന്റെ ഓഹരികളുണ്ടെന്ന് ഹരജിക്കാരിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാഘവ് അവസ്തി വാദിച്ചു.
ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷവും ഓഹരികള്‍ ട്രേഡ് ചെയ്യപ്പെടുന്നില്ലെന്നും അഭിപ്രായ സ്വാതന്ത്ര്യ കാര്യത്തില്‍ മസ്‌ക് വളരെ വ്യത്യസ്തനാണെന്നും അപേക്ഷയില്‍ പറയുന്നു.
യാതൊരു അറിയിപ്പും കൂടാതെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്‌തെന്നും ഇത് തന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി കോടതിയെ സമീപിച്ചത്.