ചെന്നൈ- ഇനി അതു മാത്രമില്ലാത്തതിന്റെ ഒരു കുറവ് വേണ്ട. മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കീഴില്‍ വരുന്ന റിലയന്‍സ് റീട്ടെയില്‍ രാജ്യത്തെ സലൂണ്‍ ബിസിനസിലും കണ്ണ് വെക്കുന്നതായി റിപ്പോര്‍ട്ട്. നാച്ചുറല്‍സ് സലൂണ്‍ ആന്‍ഡ് സ്പായുടെ 49% ഓഹരികള്‍ റിലയന്‍സ് റീട്ടെയില്‍ വാങ്ങുമെന്നാണ് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ഓഹരികള്‍ സ്വന്തമാക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. ചര്‍ച്ചകള്‍ നടക്കുന്നതായി നാച്ചുറല്‍സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് സി കെ കുമാരവേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനമാണ് നാച്ചുറല്‍സ്. ഗ്രൂം ഇന്ത്യ സലൂണ്‍സ് ആന്‍ഡ് സ്പായാണ് നിലവില്‍ രാജ്യത്തെ എഴുന്നൂറിലധികം സലൂണുകളുടെ നടത്തിപ്പുകാര്‍.
സലൂണ്‍ ബിസിനസിലേക്ക് പ്രവേശിക്കുന്ന റിലയന്‍സ് നാച്ചുറല്‍സ് സ്പാ ഇടപാടിന് എത്ര രൂപയാണ് മുടക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. 2000ന്റെ തുടക്കത്തിലാണ് ചെന്നൈ ആസ്ഥാനമാക്കി നാച്ചുറല്‍സ് സലൂണുകള്‍ പിറവിയെടുക്കുന്നത്. 2025ഓടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 3,000 സലൂണുകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുവാനാണ് തയ്യാറെടുക്കുന്നത്. നാച്ചുറല്‍സിന്റെ ഓഹരികള്‍ സ്വന്തമാക്കുന്നതിനൊപ്പം എല്‍ വി എം എച്ച് ഉടമസ്ഥതയിലുള്ള ബ്യൂട്ടി ശൃംഖലയായ സെഫോറയുടെ ഇന്ത്യന്‍ ബിസിനസ് സ്വന്തമാക്കുന്നതിനും റിലയന്‍സ് ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സലൂണുകളുടെ പ്രവര്‍ത്തനം കോവിഡ് കാലഘട്ടത്തില്‍ ഏറെ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോയത്. ഇക്കാലയളവില്‍ സര്‍ക്കാരിന്റെ സഹായം നാച്ചുറല്‍സിന്റെ സിഇഒ കുമാരവേല്‍ തേടിയിരുന്നു. എന്നാല്‍ കൊവിഡ് മുക്തമായി ആളുകള്‍ പുറത്തേയ്ക്കിറങ്ങുകയും, മിക്ക ഓഫീസുകളും വര്‍ക്ക് ഫ്രം ഹോം അവസാനിക്കുകയും ചെയ്തതോടെ സലൂണുകളും, സ്പാകളും വീണ്ടും സജീവമായി. ഈ രംഗത്തെ പുത്തന്‍ കുതിപ്പാണ് റിലയന്‍സിന്റെ കണ്ണു തുറപ്പിച്ചത്.