മനാമ - ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ബഹ്‌റൈന്‍ സന്ദര്‍ശനത്തിന് തുടക്കം. ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്ന ആദ്യ വത്തിക്കാന്‍ പോപ്പ് ആണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. നാലു ദിവസം നീളുന്ന ബഹ്‌റൈന്‍ സന്ദര്‍ശനത്തിന് എത്തിയ മാര്‍പ്പാപ്പയെ ബഹ്‌റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ഖലീഫ രാജാവ് സ്വീകരിച്ചു. ലോകത്തെങ്ങും നിന്നുള്ള ഡസന്‍ കണക്കിന് മതനേതാക്കള്‍ പങ്കെടുത്ത ബഹ്‌റൈന്‍ ഫോര്‍ ഡയലോഗ്: ഈസ്റ്റ് ആന്റ് വെസ്റ്റ് ഫോര്‍ ഹ്യൂമന്‍ കോഎക്‌സിസ്റ്റന്‍സ് എന്ന ഫോറത്തിന്റെ സമാപന ചടങ്ങില്‍ പങ്കെടുക്കാന്‍ ബഹ്‌റൈന്‍ രാജാവിന്റെ ക്ഷണം സ്വീകരിച്ചാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ മനാമയിലെത്തിയത്.
ബഹ്‌റൈനിലെ കത്തോലിക്കാ സമൂഹത്തിനു വേണ്ടിയുള്ള കുര്‍ബാനക്കും ഫ്രാന്‍സിസ് മാര്‍പ്പാപ്പ നേതൃത്വം നല്‍കും. ബഹ്‌റൈനില്‍ 80,000 ഓളം കത്തോലിക്കാ വിശ്വാസികളാണുള്ളത്. ഇക്കൂട്ടത്തില്‍ ഭൂരിഭാഗവും വിദേശ തൊഴിലാളികളാണ്. സാഹോദര്യത്തിന്റെയും ബഹുമത സംവാദത്തിന്റെയും പാതയിലെ വിലപ്പെട്ട ചുവടുവെപ്പാണ് മാര്‍പ്പാപ്പയുടെ ബഹ്‌റൈന്‍ സന്ദര്‍ശനമെന്ന് വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു. ബഹ്‌റൈനിലേക്കുള്ള യാത്രാമധ്യേ മാര്‍പ്പാപ്പയുടെ വിമാനത്തില്‍, ഇടനാഴിയിലൂടെ നടക്കുന്നതിനു പകരം ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇരുന്നുകൊണ്ട് മാധ്യമപ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. കഠിനമായ കാല്‍മുട്ടു വേദന അനുഭവിക്കുന്നതായി മാര്‍പ്പാപ്പ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.