Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രിയ ടി.പി, നിങ്ങൾക്ക് വേണ്ടി ഞാൻ ഇസ്താബൂളിലേക്ക് പോകും-രാജീവനെ അനുസ്മരിച്ച് വി.ഡി സതീശൻ

കോഴിക്കോട്- ഇന്നലെ അന്തരിച്ച പ്രമുഖ സാഹിത്യകാരൻ ടി.പി രാജീവനെ അനുസ്മരിച്ച് ഹൃദയം തൊടുന്ന വാക്കുകൾ കുറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആഴത്തിലുള്ള സൗഹൃദത്തിന്റെ വാക്കുകളാണ് സതീശൻ എഴുതിയത്.
സതീശന്റെ വാക്കുകൾ:

രണ്ടാഴ്ച മുൻപായിരുന്നു ആ ഫോൺ സംസാരം.
'നൈറ്റ് ഒഫ് ദി പ്‌ളേഗ് നീ കണ്ടോ, ഇറങ്ങിയിട്ടുണ്ടെങ്കിലും ബുക്ക് സ്‌റ്റോറിൽ എത്തീരിക്കാൻ വഴിയല്ല. പുസ്തകം ഓൺലൈനിൽ ഓർഡർ ചെയ്‌തെങ്കിലും കൈയ്യിലെത്തി വായിച്ചു തുടങ്ങാൻ നിങ്ങൾ കാത്തു നിന്നില്ലല്ലോ. ഇന്ന് നിങ്ങൾ കണ്ണാടി കൂട്ടിൽ ഉറങ്ങുമ്പോൾ പറയണമെന്നു തോന്നി; ''പുസ്തകം കൈവശമുണ്ട്, ഒപ്പം കൊണ്ടു പോകുന്നോ''
ഏതാനും വർഷം മുൻപ് ഒരു ട്രെയിൻ യാത്രയിലായിരുന്നു. മംഗലുരുവിൽനിന്ന് തിരുവനന്തപുരത്തേക്ക്. കൂട്ടിന് പാമുക്കിന്റെ സ്‌നോ. തിരക്ക്, മടുപ്പ്, ഒറ്റപ്പെടൽ, ക്ഷീണം എല്ലാം ഒറ്റയടിക്ക് മാറ്റാൻ ഒന്നേയുള്ളൂ മാർഗം, നല്ലൊരു പുസ്തകക്കൂട്ട്. ട്രെയിനിൽ തിരക്കില്ല. ജനലോരത്തെ സീറ്റിലിരുന്ന് വായിച്ചു കൊണ്ടിരുന്നു. വണ്ടി കോഴിക്കോടും കടന്നതറിഞ്ഞില്ല. ഒരു ചായവേണം. തലപൊക്കിയപ്പോൾ എതിരെ സീറ്റിൽ ഒരാൾ. മാതൃഭൂമി ആഴ്ചപ്പതിപ്പും കുറച്ച് പുസ്തകങ്ങളും സമീപം. കൈയ്യിലും ഉണ്ട് ഒന്ന്, തല പൊക്കാതെ വായന. പുസ്തകം എന്തെന്നറിയാൻ ചെറിയൊരു കൗതുകം. ആൾ ശ്രദ്ധിക്കുന്നില്ല. വായനയിൽ മുഴുകിയിരിക്കുകയാണ്. ഒടുവിൽ ചായ വന്നപ്പോഴാണ് തല ഉയർത്തിയത്. ഞങ്ങൾ ചായ വാങ്ങി, അദ്ദേഹം ചിരിച്ചു. 
എതാ പുസ്തകം? ചോദ്യം വന്നു. പുസ്തകം നീട്ടി. പിന്നീട് പാമുക്കിലൂടെ ടർക്കിയിലൂടെ യൂറോപ്യൻ സാഹിത്യത്തിലൂടെ ആ വാക്കുകൾ ഒഴുകി. കേട്ടിരുന്നു.
മഹത്തരമായ ഒരു ക്‌ളാസു പോലെ. ഒടുവിൽ വിദ്യാർഥിയുടെ പേര് ചോദിച്ചു. പേര് പറഞ്ഞു. അധ്യാപകനും പേര് പറഞ്ഞു. ടി.പി.രാജീവൻ. എന്തൊരു യാത്രയായിരുന്നു അത്. അറിവാഴങ്ങളിലൂടെ നർമത്തിലൂടെ അഗാധ സങ്കടങ്ങളിലൂടെ നഷ്ടങ്ങളിലും ആശങ്കകളിലുമൂടെ രാഷ്ട്രീയത്തിന്റെ തീച്ചൂളകളിലൂടെ പിന്നെ വാക്കിന്റെ അനന്താകാശത്തിലൂടെ നിങ്ങളെന്നെ കൊണ്ടുപോയി. മണിക്കൂറുകൾ പോയതറിഞ്ഞില്ല. ഏറ്റവും ഭംഗിയുള്ള ഒരു ഗുരു ശിഷ്യ കൂട്ട് കെട്ട് അങ്ങിനെ തുടങ്ങി. തിരുവനന്തപുരം സെൻട്രലിൽ വണ്ടിയെത്തിയപ്പോൾ അദ്ദേഹത്തെ വിളിക്കാൻ ദിലീപേട്ടനെത്തി. ചിരകാല സുഹൃത്തുക്കൾ. 
'ഞങ്ങൾ ഇസ്താംബൂളിലേക്ക് പോകുന്നു. പാമുക്കിനെ നേരിട്ടറിയാൻ, യൂറോപ്പിന്റെ വ്യത്യസ്ത മുഖം കാണാൻ '. എന്നെ ചൂണ്ടിക്കാട്ടി അദ്ദേഹം ദിലീപേട്ടനോട് പറഞ്ഞു. ഇസ്താംബൂളിലേക്ക് യാത്ര പോകാൻ കാത്തു നിൽക്കാതെ നിങ്ങൾ പോയി. ഇനി പുസ്തകങ്ങളെ കുറിച്ച് സ്വപ്നങ്ങളെ കുറിച്ച് ഭാഷയെ കുറിച്ച് സ്‌നേഹത്തെ കുറിച്ച് രാഷ്ട്രീയത്തെ കുറിച്ച് തുറന്നു സംസാരിക്കാൽ, ചോദ്യങ്ങൾ ഉന്നയിക്കാൻ സംശയങ്ങൾ തീർക്കാൻ രാജീവേട്ടനില്ല.
നിങ്ങൾ ഇല്ല എന്നൊരവസ്ഥയില്ല. നിങ്ങൾ എഴുതിയ വാക്കുകൾ നിങ്ങൾ പറഞ്ഞ കഥകൾ നിങ്ങൾ പാടിയ കവിതകൾ എന്നും ഉണ്ടാകും.
നിങ്ങൾക്കു കൂടി വേണ്ടി ഞാൻ ഇസ്താംബൂളിലേക്ക് പോകും... വിടയൊന്നും പറയുന്നില്ല. എന്നും നിറഞ്ഞ സ്‌നേഹം, ആദരവ്...
 

Latest News