Sorry, you need to enable JavaScript to visit this website.

ബാങ്ക് വിളിക്കുമ്പോള്‍ ബഹളം; ഇമ്രാന്‍ ഖാനെ വധിക്കാന്‍ ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് പ്രതി

ഇസ്ലാമാബാദ്- പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനാലാണ്  പിടിഐ ചെയര്‍മാന്‍ ഇമ്രാന്‍ ഖാനെ കൊല്ലാന്‍ പദ്ധതിയിട്ടതെന്ന് പിടിഐ ലോംഗ് മാര്‍ച്ചിനിടെ വെടിയുതിര്‍ത്തതിന് പോലീസ് പിടികൂടിയ പ്രതി  നവീദ് മുഹമ്മദ് ബശീര്‍ അവകാശപ്പെട്ടതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  
ഇമ്രാന്‍ ഖാന്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും തനിക്ക് അത് സഹിക്കാന്‍ കഴിയുന്നില്ലെന്നുമാണ് പ്രതി പോലീസിന്റെ ചോദ്യം ചെയ്യലില്‍ പറഞ്ഞത്. കൊല്ലാന്‍ ശ്രമിച്ചത് ഇമ്രാന്‍ ഖാനെ മാത്രമാണെന്നും വേറെ ആരെയുമല്ലെന്നും ഇയാള്‍ പറഞ്ഞു.
ബാങ്ക് വിളിക്കുമ്പോള്‍  കണ്ടെയിനറില്‍നിന്ന് പുറത്തിറങ്ങി ഇമ്രാന്‍ ഖാന്‍ ബഹളമുണ്ടാക്കുന്നു. എന്റെ മനസ്സാക്ഷി ഇത് അംഗീകരിക്കുന്നില്ല. തുടര്‍ന്നാണ് ഞാന്‍ ഇമ്രാന്‍ ഖാനെ വധിക്കാന്‍ ആലോചിച്ചത്.  ലാഹോറില്‍നിന്ന് ലോംഗ് മാര്‍ച്ച് ആരംഭിച്ചപ്പോള്‍ തന്നെ അദ്ദേഹത്തെ ജീവനോടെ വിടില്ലെന്ന്  മനസ്സില്‍ ഉറപ്പിച്ചിരുന്നുവെന്നും ഷൂട്ടര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
താന്‍ ഒറ്റയ്ക്കാണ് ഇമ്രാന്‍ ഖാനെ കൊല്ലാന്‍ പദ്ധതിയിട്ടതെന്നും മറ്റാരും ഉള്‍പ്പെട്ടിട്ടില്ലെന്നും ചോദ്യത്തിനു മറുപടിയായി ഇയാള്‍ പറഞ്ഞു.  
ഇമ്രാന്‍ ഖാന് ലാഹോറിലെ ഷൗക്കത്ത് ഖാനും ഹോസ്പിറ്റലില്‍ ശസ്ത്രക്രിയ നടത്തയതായി അധികൃതര്‍ ട്വീറ്റ് ചെയ്തു.
വെടിവയ്പ്പില്‍ ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തതായി പഞ്ചാബ് പോലീസ് സ്ഥിരീകരിച്ചു. മരിച്ചയാള്‍ മുഅസ്സം നവാസ് ആണെന്ന് തിരിച്ചറിഞ്ഞതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, കുറ്റകൃത്യം നടന്ന സ്ഥലം ഉടന്‍ വളയാനും അന്വേഷണ ആവശ്യങ്ങള്‍ക്കായി ഇമ്രാന്‍ ഖാന്റെ കണ്ടെയ്‌നര്‍ സീല്‍ ചെയ്യാനും പാകിസ്ഥാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി മരിയം ഔറംഗസേബ് പഞ്ചാബ് പോലീസിനോട് ആവശ്യപ്പെട്ടു.


പിടിഐ തലവന്‍ ഇമ്രാന്‍ ഖാനും പാര്‍ട്ടി അംഗങ്ങള്‍ക്കും നേരെയുണ്ടായ വെടിവെയ്പ്പിനെ പിഎംഎല്‍എന്‍ നേതാവ് നവാസ് ഷെരീഫ് അപലപിച്ചു.
നേരത്തെ, ലോംഗ് മാര്‍ച്ചിനിടെ ഇമ്രാന്‍ ഖാന്‍ സഞ്ചരിച്ച കണ്ടെയ്‌നറിന് സമീപം നടന്ന വെടിവയ്പ്പില്‍ പരിക്കേറ്റ പാകിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് (പിടിഐ) സെനറ്റര്‍ ഫൈസല്‍ ജാവേദ് ഖാന്‍, ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത വധശ്രമമാണെന്ന് പറഞ്ഞു.
ഇമ്രാന്‍ ഖാന്‍ സുരക്ഷിതനാണെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പിടിഐ അറിയിച്ചു.
സംഭവം നടന്നത് പഞ്ചാബിലായതിനാല്‍, സമഗ്രമായ അന്വേഷണത്തിന് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രവിശ്യാ മുഖ്യമന്ത്രി പര്‍വേസ് ഇലാഹി പ്രവിശ്യാ ഐജിപിക്ക് നിര്‍ദ്ദേശം നല്‍കി.
സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പരിക്കേറ്റവര്‍ക്ക് മികച്ച വൈദ്യസഹായം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇമ്രാന്‍ ഖാന്റെ ഹഖീഖി മാര്‍ച്ച് വസീറാബാദില്‍ പ്രവേശിച്ചപ്പോഴായിരുന്നു സംഭവം. വെടിവെപ്പിനെ തുടര്‍ന്ന് തിക്കിലും തിരക്കിലുംപെട്ട് പലര്‍ക്കും പരിക്കുണ്ട്. കണ്ടെയ്‌നറിലുണ്ടായിരുന്ന പിടിഐ നേതാക്കള്‍ ഉള്‍പ്പെടെ എല്ലാവരും പരിഭ്രാന്തരായിരുന്നു.  
വെടിവയ്പ്പ് നടക്കുമ്പോള്‍ വാഹനവ്യൂഹം സഫറലി ഖാന്‍ ചൗക്കിന് സമീപം എത്തിയിരുന്നുവെന്ന് എആര്‍വൈ ന്യൂസ് അറിയിച്ചു.

 

Latest News