അഗർത്തല- ത്രിപുരയിലെ മാഗുരുലി അതിർത്തിയിലെ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്) 55 ബറ്റാലിയനിലെ മൂന്ന് ജവാൻമാരെ വെടിവച്ചു കൊലപ്പെടുത്തിയ മറ്റൊരു ജവാൻ ആത്മഹത്യ ചെയ്തു. ശനിയാഴ്ച രാത്രിയാണ് സംഭവം. ജമ്മു കശ്മീർ സ്വദേശിയായ ശിശുപാൽ എന്ന ജവാനാണ് ഒരു ഹെഡ് കോൺസ്റ്റബ്ൾ ഉൾപ്പെടെ പ്രവർത്തകരായ മറ്റു മൂന്ന് ജവാൻമാരെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സർവീസ് തോക്കുപയോഗിച്ച് സ്വയം വെടിവച്ചു മരിച്ചത്.
പുലർച്ചെ ഒരു മണിയോടെ അതിർത്തി പോസ്റ്റിലെത്തിയ ശിശുപാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന റിങ്കു കുമാർ, രാജേഷ് കുമാർ എന്നിവർക്കു നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ബിഎസ്എഫ് വൃത്തങ്ങൾ അറിയിച്ചു. വെടിയേറ്റ് ഹെഡ്‌കോൺസ്റ്റബിൾ റിങ്കു കുമാർ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. മറ്റു രണ്ടു ജവാൻമാർ ഉനാകോട്ടി ജില്ലാ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. വ്യക്തിപരമായ ഭിന്നതകളാണ് സംഭവത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ വർഷം ഡിസംബറിൽ ഛത്തീസ്ഗഢിൽ ഒരു സിആർപിഎഫ് ജവാൻ എകെ 47 തോക്കുപയോഗിച്ച് മൂന്ന് ഉന്നത ഉദ്യോഗസ്ഥരടക്കം നാലു പേരെ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു.