തിരുവനന്തപുരം- പാറശ്ശാല ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ ആശുപത്രി വിട്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത പ്രതിയെ പോലീസ് അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി.
കേസ് തമിഴ്‌നാട് പോലീസിന് കൈമാറില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പുനല്‍കിയതായി ഷാരോണിന്റെ കുടുംബം അറിയിച്ചു. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും ഷാരോണിന്റെ മാതാപിതാക്കള്‍ പറഞ്ഞു.
ഷാരോണ്‍ മരിക്കുന്നത് കേരളത്തിലാണെങ്കിലും ഗ്രീഷ്മ വിഷം നല്‍കിയത് തമിഴ്‌നാട്ടിലെ രാമവര്‍മന്‍ചിറയിലെ വീട്ടില്‍ വെച്ചാണ്. ഇത് തമിഴ്‌നാട് പോലീസിന്റെ പരിധിയിലുള്ള സ്ഥലമാണ്. കേസ് തമിഴ്‌നാടിന് കൈമാറരുതെന്നായിരുന്നു ഷാരോണിന്റെ കുടുംബത്തിന്റെ ആവശ്യം. ഇത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
കേസില്‍ കേരള പോലീസിന് അന്വേഷണം തുടരാമെന്നാണ് ലഭിച്ചിരിക്കുന്ന പുതിയ നിയമോപദേശം. തമിഴ്‌നാട് പോലീസുമായി സഹകരിച്ച് അന്വേഷിക്കാമെന്നും നിയമോപദേശം ലഭിച്ചു.