നോയ്ഡ -ദൽഹിക്കടുത്ത് നോയ്ഡയിൽ 40കാരനായ ആബിർ എന്ന യുവാവിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ മകൻ 19കാരനായ മുകീമിനെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രിക്കട നടത്തുന്ന ആബിറിന്റെ കൊലപാതകത്തിനു പിന്നിൽ മറ്റു ആക്രിക്കടക്കാരാണെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആവശ്യത്തിന് പണം നൽകാത്തതിനു അച്ഛനോടുള്ള പക തീർക്കാൻ വാടക കൊലയാളികളെ വിട്ട് മുകീം കൊലപാതകം നടത്തിയതെന്ന് തെളിഞ്ഞത്.
പത്തു ലക്ഷം രൂപ വാഗ്ദാനം നൽകിയാണ് മുകീം മൂന്ന് പേരെ വാടകയ്‌ക്കെടുത്തതെന്ന് പോലീസ് പറഞ്ഞു. മാർച്ചിലാണ് ഗൂഢാലോചനകൾ തുടങ്ങിയത്. നോയ്ഡ സെക്ടർ 78ലെ ആക്രിക്കടയിൽ അച്ഛനെ മുകീം സഹായിക്കാറുണ്ട്. എന്നാൽ തന്റെ ചെലവിനും ബൈക്കിൽ പെട്രോളടിക്കാനും ആവശ്യമായ പണം ചോദിച്ചാൽ നൽകാത്തതും നിരന്തര മർദ്ദനവുമാണ് അച്ഛനെ കൊല്ലാൻ പ്രേരിപ്പിച്ചതെന്ന് മുകീം പോലീസിനോട് വെളിപ്പെടുത്തി.
അച്ഛൻ പണം സൂക്ഷിക്കുന്ന വീട്ടിലെ ലോക്കർ തനിക്ക് തുറക്കാൻ കഴിയുമെന്നും 10 ലക്ഷം രൂപ കൊലപാതകം നടത്തിയ ശേഷം ഇതിൽ നിന്നും എടുത്തു തരാമെന്നും വാടക കൊലയാളികൾക്ക് മുകീം ഉറപ്പു നൽകിയിരുന്നു. എന്നാൽ ആബിർ കൊല്ലപ്പെട്ട ശേഷം അമ്മ ലോക്കർ സൂക്ഷിച്ച മുറിയിൽ മതാചാരപ്രകാരം മറയിൽ ഇരിക്കുകയാണ്. ഇതുമൂലം വാഗ്ദാനം ചെയ്ത പണം കൊലയാളികൾക്ക് നൽകാൻ മുകീമിനു കഴിഞ്ഞില്ല. ഇതേതുടർന്ന് മുകീമിന്റെ നീക്കങ്ങൾ സംശയങ്ങൾക്കിടയാക്കിയതാണ് കേസിൽ തുമ്പായത്. കൊലയാളികളും മുകീമും സെക്ടർ 78ലേ ഷോപ്പിനു സമീപം ഒത്തുകൂടുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് വെള്ളിയാഴ്ചയാണ് പോലീസ് ഇവരെ പിടികൂടിയത്. മുകീമിനെ കൂടാതെ ഗാസിയാബാദ് സ്വദേശികളായ രണ്ടു പ്രതികളേയും പിടികൂടിയിട്ടുണ്ട്. ഒരാൾ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.