Sorry, you need to enable JavaScript to visit this website.

വിവർത്തനം കരാറു പണിയല്ലെന്ന് ഓർമിപ്പിച്ച എഴുത്തുകാരൻ

കോഴിക്കോട് - മലയാളത്തിലും ഇംഗ്ലീഷിലും നല്ല കയ്യടക്കമുള്ള എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായിരുന്നു അന്തരിച്ച ടി.പി രാജീവൻ.
 പാലേരിയിൽ റിട്ട. അധ്യാപകനായ തച്ചംപൊയിൽ രാഘവൻ നായരുടേയും ദേവി അമ്മയുടേയും മകനായി 1959ലാണ് ജനനം. അവസാനകാലം ചെലവിട്ടത് അമ്മയുടെ ജന്മനാടായ കോട്ടൂരിലായിരുന്നു. രണ്ടു ഗ്രാമങ്ങളുടെയും ചരിത്രവും പുരാണവും ഐതിഹ്യങ്ങളും വായിച്ചും കേട്ടുമറിഞ്ഞ അദ്ദേഹത്തിന്റെ രണ്ടു നോവലുകളിലും നിറഞ്ഞുനിന്നതും ആ ഗ്രാമങ്ങളാണ്. പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന നോവൽ രാജീവൻ ആദ്യമെഴുതിയത് ഇംഗ്ലിഷിലായിരുന്നു 'എ മിഡ്‌നൈറ്റ് മർഡർ സ്‌റ്റോറി' എന്ന തലക്കെട്ടിൽ. പിന്നീടത് മലയാളത്തിലേക്കു മൊഴിമാറ്റുകയായിരുന്നു. കെ.ടി.എൻ കോട്ടൂർ എഴുത്തും ജീവിതവും എന്ന നോവലാകട്ടെ മലയാളത്തിലും. പിന്നീത് ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്യുകയായിരുന്നു.
മലയാളികൾക്കൊപ്പം ഉണ്ണുകയും ഉറങ്ങുകയും അവരുടെ സാംസ്‌കാരിക ചലനങ്ങളിൽ നിറസാന്നിധ്യമറിയിക്കുകയും ചെയ്ത ഒരാളിന്റെ നാടിനെക്കുറിച്ചുള്ള ആദ്യ പുസ്തകം തന്നെ ഇംഗ്ലീഷിൽ പുറത്തിറങ്ങുക. അതു മാത്രം മതി ഈ ഉത്തരാധുനിക കവിക്ക് ഇംഗ്ലീഷ് ഭാഷയിലുള്ള കഴിവ് മനസ്സിലാക്കാൻ. തന്റെ നിലപാടുകൾ കെട്ടിക്കുടുക്കുകളില്ലാതെ, തുറന്നുപറയാൻ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു.
ദി ഹിന്ദു പത്രത്തിലെ അദ്ദേഹത്തിന്റെ സാഹിത്യ നിരൂപണത്തിനും ഏറെ വായനക്കാരുണ്ടായിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം ഡൽഹിയിൽ പ്രത്രപ്രവർത്തകനായും ശോഭിച്ചു. അദ്ദേഹത്തിന്റെ കുറുക്കൻ എന്ന കവിതയും ഉത്തരാധുനികതയുടെ സർവ്വകലാശാലാ പരിസരം എന്ന ലേഖനവും സി.പി.എം അനുകൂല സർവീസ് സംഘടനയുമായി പോർവിളികൾക്ക് ഇടയാക്കിയിരുന്നു. കാലിക്കറ്റ് സർവ്വകലാശാലയുടെ പി.ആർ.ഒ ആയിരിക്കുമ്പോഴും അക്കാദമിക്, സാംസ്‌കാരിക പ്രവർത്തനങ്ങളിൽ തനതായ ഇടം കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിനായി.
 ഇംഗ്ലിഷിൽ മൂന്നും മലയാളത്തിൽ ആറും കവിതാ സമാഹാരങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. ക്രിയാശേഷം, കുഞ്ഞാലി മരക്കാർ എന്നി കൃതികളും ശ്രദ്ധിക്കപ്പെട്ട നോവലുകളിൽ പെടുന്നു. 'പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ' എന്ന നോവൽ അതേ പേരിലും 'കെ.ടി.എൻ കോട്ടൂർ 'ഞാൻ' എന്ന പേരിലും സിനിമയായി. പാലേരി മാണിക്യത്തിൽ മമ്മൂട്ടിയും, ഞാനിൽ ദുൽഖർ സൽമാനും നായകരുമായി. ഇംഗ്ലീഷിലും മലയാളത്തിലുമായി ഒട്ടേറെ കവിതാസമാഹരങ്ങളും പുറത്തിറങ്ങി. കവിതകൾ 11 ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. പ്രണയത്തെക്കുറിച്ചുള്ള 100 കുറുങ്കവിതകളുള്ള പ്രണയശതകം എന്ന സമാഹാരത്തിൽ ഒരേ കവിതകൾ മലയാളത്തിലും ഇംഗ്ലിഷിലുമുണ്ട്. പുറപ്പെട്ടു പോയ വാക്ക് എന്ന യാത്രാവിവരണവും അതേ ആകാശം അതേ ഭൂമി, വാക്കും വിത്തും എന്നീ ലേഖന സമാഹാരങ്ങളും കൃതികളാണ്.
വിവർത്തന സാഹിത്യത്തിലും അദ്ദേഹത്തിന്റെ ഇടപെടൽ വലുതായിരുന്നു. വിവർത്തനം കരാറുപണിയല്ലെന്ന് അദ്ദേഹം പറയുമായിരുന്നു. പുരസ്‌കാരലബ്ധിയും പ്രസാധകരുടെ വാണിജ്യ താത്പര്യങ്ങളും മാത്രം നോക്കി ഏറ്റെടുക്കേണ്ട ഒരു പദ്ധതിയല്ല വിവർത്തനമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഒരു ഭാഷയിലെ സാഹിത്യം മറ്റൊരു ഭാഷയിലെത്തിക്കാനുള്ള മധ്യവർത്തിധർമം മാത്രമല്ല പരിഭാഷകൾ; മറിച്ച് ഒരു ഭാഷയിലെ കൃതികളുടെ അതിജീവനം കൂടിയാണെന്നാണ് അദ്ദേഹം പറയാറുള്ളത്. മൊഴിമാറ്റത്തിലൂടെയാണ് ലോകത്ത് എല്ലാ ഭാഷാ ഇതിഹാസങ്ങളും അവയുടെ ശക്തിയും സൗന്ദര്യവും പ്രസരിപ്പിക്കുന്നത്. മൗലിക രചനയ്ക്ക് ആവശ്യമായ അതേ സിദ്ധിയും സാധനയും വിവർത്തകർക്കും പുനരാഖ്യാതാക്കൾക്കും വേണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
മരണവാർത്തയറിഞ്ഞ് ജീവിതത്തിന്റെ വിവിധ തുറകളിലുള്ള നൂറുകണക്കിന് പേരാണ് അവസാനനോക്ക് കാണാൻ എത്തിക്കൊണ്ടിരിക്കുന്നത്. മൃതദേഹം ഇന്ന് രാവിലെ 9 മുതൽ 11 വരെ കോഴിക്കോട് ടൗൺഹാളിൽ പൊതുദർശനത്തിന് വയ്ക്കും. വൈകീട്ട് മൂന്നിന് നരയംകുളത്തെ വീട്ടുവളപ്പിലാണ് സംസ്‌കാരം.
 

Latest News