Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അപ്പായുടെ നിര്‍ബന്ധം; ചാണ്ടി ഉമ്മന്‍ വീണ്ടും ഭാരത് ജോഡോ യാത്രയില്‍

കോട്ടയം- ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിദേശത്തേക്ക് കാണ്ടുപോകാന്‍ തീരുമാനിച്ചതിനെതുടര്‍ന്ന് ഭാരത് ജോഡോ യാത്രയില്‍നിന്ന് തിരിച്ചെത്തിയ അദ്ദേഹത്തിന്റെ മകന്‍ ചാണ്ടി ഉമ്മന്‍ വീണ്ടും ഭാരത് ജോഡോ യാത്രയ്‌ക്കൊപ്പം ചേര്‍ന്നു.
വിദേശത്തേക്ക് പോകുംവരെ രാഹുല്‍ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട്  പിതാവ് തന്നെ തിരിച്ചയച്ചതാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക് കുറിപ്പ് വായിക്കാം

അപ്പായുടെ നിര്‍ബന്ധത്തിന് വഴങ്ങി വീണ്ടും ഞാന്‍ ഭാരത് ജോഡോ യാത്രയിലെത്തി. അപ്പ ഇങ്ങനെയാണ്. വിദഗ്ധ ചികിത്സയ്ക്കായി ഈ ആഴ്ച വിദേശത്തേക്ക് അദ്ദേഹത്തിന് പോകണം. അതുവരെയും കൂടെ നില്‍ക്കുകയും വിദേശത്തേക്ക് അപ്പായെ അനുഗമിക്കുകയും ചെയ്യുക എന്നുള്ളത് മകനെന്ന നിലയില്‍ എന്റെ കടമയാണ്. പക്ഷേ, അപ്പായുടെ പിടിവാശി വിദേശത്തേക്ക് പോകും വരെയെങ്കിലും ഏറ്റെടുത്ത ഉത്തരവാദിത്വത്തില്‍ നിന്നും പിന്മാറരുത് എന്നുള്ളതാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ ചില നവമാധ്യമ വാര്‍ത്തകള്‍ എന്നെ മാനസികമായി തളര്‍ത്തിയിരുന്നു. അതിനും അപ്പായ്ക്ക് ഒറ്റ മറുപടിയെ എന്നോട് പറയാനുണ്ടായിരുന്നുള്ളൂ. മനസ്സിനെ തളര്‍ത്താന്‍ പലരും പല വഴികളിലും ശ്രമിക്കും. തളര്‍ന്നാല്‍ നമ്മള്‍ കഴിവില്ലാത്തവനാണ് എന്ന് കരുതണം. പിന്നെ സ്ഥിരമായ അപ്പായുടെ ശൈലിയും. മനസാക്ഷിയുടെ കോടതിയില്‍ നമ്മള്‍ ചെയ്യുന്നത് ശരിയാണോ എന്ന് നോക്കിയാല്‍ മതി. അപ്പ ഏതൊക്കെ വിഷയത്തില്‍ അങ്ങനെ പറഞ്ഞിട്ടുണ്ടോ, അതെല്ലാം ശരിയെന്ന് കാലവും തെളിയിച്ചിട്ടുണ്ട്.

കുടുംബത്തിനെതിരെ ഇപ്പോള്‍ വന്ന ആരോപണങ്ങള്‍ക്കെതിരെ നിയമനടപടികള്‍ തേടണം എന്ന് സുഹൃത്തുക്കള്‍ പറഞ്ഞപ്പോള്‍ മനസാക്ഷിയുടെ കോടതിയില്‍ തീരുമാനം ദൈവത്തിന് തന്നെ വിടുന്നതാണ് നല്ലത് എന്നാണ് വിധിച്ചതും. നാടിന് അദ്ദേഹം ഉമ്മന്‍ ചാണ്ടിയാണെങ്കില്‍ എനിക്ക് അത് എന്റെ അപ്പയാണ്. അപ്പ പറഞ്ഞ ഒരു കാര്യങ്ങളും ഞാന്‍ ഇന്നേവരെ അനുസരിക്കാതിരുന്നിട്ടില്ല. അതുകൊണ്ടാണ് എന്റെ മനസ്സ് അവിടെ നിര്‍ത്തിക്കൊണ്ട് ഞാന്‍ ഇന്ന് യാത്രയുടെ ഭാഗമാകുന്നതും.

അപ്പായുടെ ചെറിയ ശാരീരിക ബുദ്ധിമുട്ടിനെ സ്വന്ത കൂടപ്പിറപ്പിന്റെ ബുദ്ധിമുട്ടുകളെപ്പോലെ കണ്ട് ഓടിവന്നവരും, ഫോണില്‍ നിരന്തരം ബന്ധപ്പെട്ടവരും, സുമനസ്സുകളുടെ ആശങ്ക പരിഹരിക്കാന്‍ വാര്‍ത്തകള്‍ നല്‍കിയ മാധ്യമ സുഹൃത്തുക്കളും ഞങ്ങള്‍ അറിയാതെ അപ്പയ്ക്കായ് പ്രാര്‍ഥിച്ചവരും മനസ്സുകൊണ്ട് പ്രാര്‍ഥനയില്‍ മുഴുകിയവരും അങ്ങനെ എത്രയോ പേര്‍. എല്ലാപേരോടും കടപ്പാടുകള്‍ മാത്രം. ഈ വിഷയത്തെപ്പോലും നവമാധ്യമങ്ങളിലൂടെ സ്വന്തം പബ്ലിസിറ്റിക്കായി ഉപയോഗിച്ചവരോട് പരിഭവങ്ങളില്ല. അതുകണ്ട് സന്തോഷിച്ചവരോട് പരാതികളില്ല.

 

Latest News