വാരാണസി- ഗ്യാന്‍വാപി മസ്ജിദ് വളപ്പിലെ രണ്ട് ഭൂഗര്‍ഭ സ്ഥലങ്ങളില്‍ (തഹ്ഖാന) സര്‍വേ നടത്തണമെന്ന ഹിന്ദു പക്ഷത്തിന്റെ ആവശ്യത്തോട് മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി എതിര്‍പ്പ് രേഖപ്പെടുത്തി.
ഇതിനു പിന്നാലെ ഹിന്ദു പക്ഷത്തെ അഭിഭാഷകര്‍ കൂടുതല്‍ സമയം തേടിയതിനെ തുടര്‍ന്ന് ജില്ലാ ജഡ്ജി എ.കെ വിശ്വേശന്റെ കോടതി അടുത്ത വാദം കേള്‍ക്കല്‍ നവംബര്‍ 11 ലേക്ക് മാറ്റി.
ഗ്യാന്‍വാപി സമുച്ചയത്തിലെ അടച്ചിട്ട നിലവറകളുടെ പൂട്ട് തുറന്ന് സര്‍വേ നടത്തണമെന്ന് ഹിന്ദുപക്ഷം ആവശ്യപ്പെട്ടതായി ജില്ലാ സര്‍ക്കാര്‍ അഭിഭാഷകന്‍ മഹേന്ദ്ര പാണ്ഡെ പറഞ്ഞു.
ഇത് സംബന്ധിച്ച് മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകര്‍ ബുധനാഴ്ച കോടതിയില്‍ എതിര്‍പ്പ് സമര്‍പ്പിക്കുകയും മറുഭാഗം എതിര്‍പ്പ് ഫയല്‍ ചെയ്യാന്‍ സമയം തേടുകയും ചെയ്തു- അദ്ദേഹം പറഞ്ഞു.
നിലവിലുള്ള മസ്ജിദ് കോംപ്ലക്‌സ് പ്രദേശത്ത് ഒരു മാറ്റവും വരുത്തരുതെന്ന സുപ്രീം കോടതി ഉത്തരവ് തങ്ങളുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയതായി അഞ്ജുമന്‍ ഇന്‍തസാമിയ മസ്ജിദ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി എസ്.എം യാസിന്‍ പറഞ്ഞു.
അടച്ച നിലവറകളുടെ പൂട്ട് തുറന്ന് തഹ്ഖാന സര്‍വേ നടത്തുന്നത് സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമാകുമെന്നും അദ്ദേഹം പറഞ്ഞു.
മസ്ജിദ് സമുച്ചയത്തിലെ ലക്ഷ്മി ഗണേശ വിഗ്രഹം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു പക്ഷത്തെ രാഖി സിങ്ങിന്റെ അഭിഭാഷകന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
ഇതില്‍ എതിര്‍പ്പ് അറിയിക്കാന്‍ മസ്ജിദ് പാനലിലെ അഭിഭാഷകര്‍ കോടതിയില്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
ബുധനാഴ്ച വാദം കേള്‍ക്കുന്നതിനിടെ, ഭാവിയില്‍ ഒരു കക്ഷിക്കും കേസില്‍ ഒരാഴ്ചയില്‍ കൂടുതല്‍ സമയം നല്‍കില്ലെന്ന് ജഡ്ജി വിശ്വേഷ് പറഞ്ഞു.
കോടതിയുടെ സമയം വിലപ്പെട്ടതാണെന്നും അത് എല്ലാവരും ശരിയായി ഉപയോഗിക്കണമെന്നും അദ്ദേഹം നിരീക്ഷിച്ചു.
മെയ് 17 നാണ് ഹിന്ദു പക്ഷത്തെ അഭിഭാഷകര്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചതും അടച്ച രണ്ട് ഭൂഗര്‍ഭ സ്ഥലങ്ങളുടെ സര്‍വേ ആവശ്യപ്പെടുകയും ചെയ്തത്.
ഇതിനെതിരെ എന്തെങ്കിലും എതിര്‍പ്പ് രേഖപ്പെടുത്താന്‍ മുസ്ലീം പക്ഷത്തിന് കോടതി സമയം നല്‍കിയിരുന്നു.
ഒക്‌ടോബര്‍ 21ന് കോടതിയുടെ അവസാന വാദത്തിനിടെ, എതിര്‍പ്പ് അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് പള്ളി കമ്മിറ്റി ആവശ്യപ്പെട്ടു. യഥാസമയം എതിര്‍പ്പ് ഫയല്‍ ചെയ്യാത്തതിന് മസ്ജിദ് പാനലിന് കോടതി 100 രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു.