കൊല്‍ക്കത്ത - വടക്കന്‍ ബംഗാളിലെ മുതിര്‍ന്ന സി.പി.എം നേതാവ് അശോക് ഭട്ടാചാര്യയെ സന്ദര്‍ശിച്ച് ബി.ജെ.പി നേതാക്കള്‍. ബി.ജെ.പിയുടെ ഡാര്‍ജിലിങ് എം.പി രാജു ബിസ്തയും സിലിഗുരി എം.എല്‍.എ ശങ്കര്‍ ഘോഷുമാണ് ദീപാവലി ദിനത്തില്‍ ഭട്ടാചാര്യയെ സന്ദര്‍ശിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങളില്‍ ഇപ്പോള്‍ തന്നെ ഈ സന്ദര്‍ശനം വലിയ ചര്‍ച്ചക്കിടയാക്കിയിട്ടുണ്ട്. മുന്‍ സിലിഗുരി മേയറും മുന്‍ ബംഗാള്‍ മന്ത്രിയുമാണ് അശോക് ഭട്ടാചാര്യ.
വടക്കന്‍ മേഖലയില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കാനാണ് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ബിജെപിയുടെ ശ്രമം എന്നാണ് തൃണമൂലിന്റെ ആരോപണം. ഇതൊരു സാധാരണ സന്ദര്‍ശനം മാത്രമായിരുന്നുവെന്ന് ബി.ജെ.പി നേതാക്കളും സി.പി.എം നേതാവും വ്യക്തമാക്കിയെങ്കിലും ടി.എം.സി തൃപ്തരല്ല. വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് വടക്കന്‍ ബംഗാളില്‍ കൂടുതല്‍ ശക്തി സംഭരിക്കുന്നതിന് വേണ്ടിയുള്ള ബി.ജെ.പിയുടെ ശ്രമമാണ് സന്ദര്‍ശനത്തിന് പിന്നിലെന്നാണ് ടി.എം.സിയുടെ വിലയിരുത്തല്‍.
വടക്കന്‍ ബംഗാളില്‍ ടി.എം.സിയും ബി.ജെ.പിയും തമ്മില്‍ ശക്തമായ പോരാട്ടമാണുള്ളത്. ഭട്ടാചാര്യയെപോലുള്ള ഒരു നേതാവിന്റെ സഹായം ബി.ജെ.പിക്ക് ലഭിച്ചാല്‍ ടി.എം.സിയുടെ പദ്ധതികളെല്ലാം പ്രതിസന്ധിയിലാവുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വടക്കന്‍ ബംഗാളിലെ എട്ടില്‍ ഏഴ് ലോക്‌സഭാ സീറ്റുകളും ബി.ജെ.പിക്കാണ് ലഭിച്ചത്. ഒരു സീറ്റ് കോണ്‍ഗ്രസിനും ലഭിച്ചു. അസംബ്ലി തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചില്ലെങ്കില്‍ ഈ മേഖലയില്‍ 54ല്‍ 30 സീറ്റും ബി.ജെ.പി നേടിയിരുന്നു.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് ചേര്‍ന്ന് ഭരണകക്ഷിക്കെതിരെ സഖ്യം ഉണ്ടാക്കാനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നുണ്ട്. അഞ്ച് തവണ എം.എല്‍.എയായിരുന്ന ഭട്ടാചാര്യ സംസ്ഥാനത്തെ മന്ത്രിയുമായിരുന്നു. ഇടതുപക്ഷത്തിന് ബംഗാളില്‍ ഇപ്പോള്‍ വലിയ ശക്തിയില്ലെങ്കിലും ഭട്ടാചാര്യയെപോലുള്ള നേതാക്കള്‍ക്കുണ്ടായിരുന്ന ജനസ്വാധീനം തങ്ങള്‍ക്ക് വെല്ലുവിളിയാവുമെന്ന് ടി.എം.സി കരുതുന്നുണ്ട്.