നയാ റായ്പുര് - കൈയ്ക്ക് കൊത്തിയ മൂർഖൻ പാമ്പിനെ എട്ടു വയസ്സുകാരൻ കടിച്ചുകൊന്നു. ഛത്തിസ്ഗഢിലെ ജാഷ്പുരിലാണ് ഞെട്ടിക്കുന്ന സംഭവം.
വീടിനുപിന്നിൽ കളിക്കുകയായിരുന്ന പാണ്ടർപഥ് ഗ്രാമത്തിലെ ദീപകിനെയാണ് മൂർഖൻ പാമ്പ് കൊത്തിയത്. കൈയിൽ ചുറ്റിവരിഞ്ഞ പാമ്പ് കൊത്തുകയായിരുന്നെന്ന് ദീപക് പറഞ്ഞു. കടുത്ത വേദനയാൽ പാമ്പിനെ കുടഞ്ഞുമാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അപ്പോഴാണ് രണ്ടുംകൽപ്പിച്ച് ആഞ്ഞു കടിച്ചത്. രണ്ടു വട്ടം കടിച്ചതോടെ പാമ്പ് പിടിവിട്ടു. എല്ലാം പെട്ടെന്നായിരുന്നുവെന്ന് ദീപക് പറഞ്ഞു. ഉടനെ വീട്ടുകാർ ദീപകിനെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. മരുന്നു നൽകി നിരീക്ഷണത്തിലായിരുന്ന ബാലനെ ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്നു കണ്ട് ഇന്ന് വിട്ടയച്ചിട്ടുണ്ട്.
കുട്ടിയുടെ ശരീരത്തിൽ വിഷം ഏറ്റിരുന്നില്ലെന്ന് ഡോക്ടർ അറിയിച്ചു. ഡ്രൈ ബൈറ്റ് ആണ് ദീപകിന് ഏറ്റത്. കഠിനമായ വേദന ഉണ്ടാവുമെങ്കിലും ഇത്തരം പാമ്പുകടിയിലൂടെ മറ്റു പ്രശ്‌നങ്ങൾ ഉണ്ടാവില്ലെന്ന് ഡോക്ടർ പറഞ്ഞു. സംഭവം അറിഞ്ഞതോടെ അത്ഭുദം കൂറി, കുട്ടിയെ കാണാനും അഭിനന്ദിക്കാനും ഒട്ടേറെ പേരാണ് ദീപകിന്റെ വീട്ടിലെത്തുന്നത്.