ലഖ്‌നൗ - കുരങ്ങനായാൽ കുറച്ച് കുറുമ്പുകളും കുസൃതികളുമൊക്കെ ആരും പ്രതീക്ഷിക്കും. അത്തരം ധാരാളം കുസൃതികൾ കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞവരാണ് പലരും. കുറച്ച് മുമ്പ് മലപ്പുറത്തെ ഒരു മലയോരമേഖലയിലെ സ്‌കൂളിൽ പരീക്ഷയ്ക്കിടെ വിദ്യാർത്ഥിയുടെ ഉത്തരപേപ്പറിൽ കുരങ്ങ് മൂത്രമൊഴിച്ചിരുന്നു.
എന്നാൽ ഈ കഥ അങ്ങനെയല്ല. ഇത് മുഴു കുടിയനായ കുരങ്ങാണ്. അതും ബ്രാൻഡഡ് ഐറ്റംസ്. ബീവറേജ് ഷോപ്പിൽ സ്ഥിരമായെത്തും. രാവിലെയെന്നോ വൈകീട്ടെന്നോ വ്യത്യാസമില്ല. ചാടിക്കയറിയാകും വരവ്. ഇഷ്ടമുള്ള കുപ്പിയെടുത്ത് അവിടെനിന്നുതന്നെ മോന്തും. അതിനിടെ, കുപ്പിയിൽ വല്ലതും ബാക്കിയുണ്ടോ എന്ന പരിശോധന! ശേഷം, റിസർവായി മറ്റൊരു മദ്യകുപ്പിയുമായി മടക്കം. ഇഷ്ടം കിംഗ് ഫിഷറിനോടാണെന്നു മാത്രം.
അതിനിടെ, പരിസരത്തെങ്ങാനും ആരെങ്കിലും മദ്യക്കുപ്പിയുമായി കണ്ടാൽ അവരിൽനിന്ന് അത് തട്ടിപ്പറിക്കാനും മറക്കില്ല. മദ്യലഹരി മാറിയാൽ പിന്നെയും ഷോപ്പിലെത്തി, മദ്യക്കുപ്പിയുമായി കടന്നുകളയും. ഇങ്ങനെ കടക്കാരന് വൻ സാമ്പത്തിക ബാധ്യതകളാണ് കുരങ്ങ് വക ഉണ്ടാകുന്നത്.
എന്തോരം മദ്യക്കുപ്പികൾ നിരത്തിയാലും കിംഗ്ഫിഷറിന്റെ സ്‌ട്രോംഗ് ബിയർ ക്യാനിലാണ് കുരങ്ങന്റെ ആനന്ദമെന്നാണ് കടക്കാരൻ പറയുന്നത്. ഷോപ്പിന് മുമ്പിൽ നീണ്ട ക്യൂ ഉണ്ടാകുമ്പോൾ അടക്കം കുരങ്ങൻ വന്ന് ശല്യം ചെയ്യും. തടഞ്ഞാൽ മാന്താനും ആക്രമിക്കാനും ശ്രമിക്കുന്നതിനാൽ കുരങ്ങനെ അതിന്റെ പാട്ടിന് വിടുകയാണ് കടക്കാരും നാട്ടുകാരും.
ഉത്തർ പ്രദേശിലെ റായ്ബറേലിയിലെ അചൽഗഞ്ച് മേഖലയിലാണീ കുരങ്ങൻ പരാക്രമം അരങ്ങേറുന്നത്. കുരങ്ങിനാൽ സഹികെട്ട് പരാതി നൽകിയെങ്കിലും ഇതുവരെയും നടപടി ഉണ്ടായില്ലെന്നാണ് പറയുന്നത്. അതേസമയം, കുരങ്ങനെ വനംവകുപ്പിന്റെ സഹായത്തോടെ പിടിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയതായി ജില്ലാ എക്‌സൈസ് ഓഫീസർ രാജേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു. നേരത്തെ ലഖ്‌നൗകാൺപൂർ റോഡിലെ നവാബ് ഗഞ്ച് മേഖലയിൽ ഇതുപോലുള്ള സംഭവമുണ്ടായിരുന്നു. പ്രസ്തുത കുരങ്ങ് മദ്യപാനത്തെ തുടർന്ന് കരൾ വീക്കം വന്നാണത്രെ മരിച്ചത്.