കൊല്‍ക്കത്ത-രാജ്യത്ത് പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും പശ്ചിമ ബംഗാളിനെയും അതില്‍ നിന്ന് ഒഴിവാക്കില്ലെന്നും ബി.ജെ.പി നേതാവ് സുവേന്ദു അധികാരി. ബി.ജെ.പിയുടെ പശ്ചിമ ബംഗാള്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവാണ് സുവേന്ദു അധികാരി.
പാകിസ്ഥാനില്‍നിന്ന് ഇന്ത്യയിലേക്ക് കുടിയേറി ഗുജറാത്തിലെ രണ്ട് ജില്ലകളില്‍ താമസിക്കുന്നവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചതിനു പിന്നാലെയാണ് ബി.ജെ.പി നേതാവിന്റെ അവകാശവാദം. അതേസമയം, ഇവര്‍ക്ക് പൗരത്വം നല്‍കാന്‍ തീരുമാനിച്ചത് 1955 ലെ പൗരത്വ നിയമത്തിനും കീഴിലാണ്. 2019 ലെ പൗരത്വ ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തിലല്ല.
ഗുജറാത്തിലെ ആനന്ദ്, മെഹ്‌സാന ജില്ലകളില്‍ താമസിക്കുന്ന ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനര്‍, പാഴ്‌സികള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്ക് സെക്ഷന്‍ 5 പ്രകാരം ഇന്ത്യന്‍ പൗരനായി രജിസ്‌ട്രേഷന്‍ അനുവദിക്കുകയോ പൗരത്വ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുകയോ ചെയ്യുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം. 1955 ലെ പൗരത്വ നിയമത്തിന്റെ ആറാം വകുപ്പിന് കീഴിലും 2009 ലെ പൗരത്വ നിയമങ്ങളിലെ വ്യവസ്ഥകള്‍ക്കനുസൃതമായുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.
പാകിസ്ഥാന്‍ പോലുള്ള അയല്‍രാജ്യങ്ങളില്‍ നിന്ന് വന്ന ചില ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുന്ന വിജ്ഞാപനം വഴി ഗുജറാത്തിലെ രണ്ട് ജില്ലകളില്‍ സി.എ.എ ഇതിനകം നടപ്പാക്കിയെന്നാണ് കേന്ദ്രത്തിന്റെ വിജ്ഞാപനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി സുവേന്ദു അധികാരി വിശദീകരിക്കുന്നത്.
സിഎഎ നടപ്പാക്കുന്ന പ്രക്രിയയില്‍ നിന്ന് ബംഗാളിനെ ഒഴിവാക്കില്ല. മതുവ സമുദായാംഗങ്ങള്‍ക്കും നാമസൂദ്രകള്‍ പോലുള്ള മറ്റ് പിന്നോക്ക ജാതിക്കാര്‍ക്കും ഉടന്‍ ചില ആനുകൂല്യങ്ങള്‍ ലഭിക്കും. സിഎഎ നമ്മുടെ സംസ്ഥാനത്തും നടപ്പാക്കും- നന്ദിഗ്രാം എംഎല്‍എയായ അദ്ദേഹം പറഞ്ഞു.
സിഎഎ നടപ്പാക്കിയാല്‍ അത് മതുവ സമുദായം ഉള്‍പ്പെടെയുള്ള പിന്നോക്ക വിഭാഗങ്ങളിലെ അംഗങ്ങള്‍ക്ക് വലിയ സഹായമാകുമെന്ന് കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി സന്തനു താക്കൂര്‍ പറഞ്ഞു.
ബംഗാവ് ലോക്‌സഭാംഗമായ താക്കൂര്‍ മതുവ സമുദായത്തില്‍പ്പെട്ടയാളാണ്.
അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനര്‍, പാഴ്‌സികള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് സി.എ.എ. എന്നാല്‍ ഈ നിയമത്തിന് കീഴിലുള്ള ചട്ടങ്ങള്‍ സര്‍ക്കാര്‍ രൂപപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ ആര്‍ക്കും ഇതിനു കീഴില്‍ ഇതുവരെ പൗരത്വം നല്‍കിയിട്ടില്ല.
അതിനിടെ, പശ്ചിമ ബംഗാളില്‍ ഒരിക്കലും സിഎഎ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ അനുവദിക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു.
രാജ്യത്ത് സിഎഎ നടപ്പാക്കാന്‍ ബിജെപിക്ക് കഴിയില്ല. 2023ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി സമൂഹത്തെ ധ്രുവീകരിക്കാനായി സുവേന്ദു അധികാരി അവകാശവാദങ്ങള്‍ ഉന്നയിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്ത് സിഎഎ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും സമവായമില്ലാതെ ബിജെപിക്ക് ഇത്തരമൊരു തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നും രാജ്യത്തെ മതേതര പാര്‍ട്ടികള്‍ അതിന് അനുവദിക്കില്ലെന്നും സി.പി.എം കേന്ദ്രകമ്മിറ്റി അംഗം സുജന്‍ ചക്രവര്‍ത്തി പറഞ്ഞു.
സിഎഎ നടപ്പാക്കലിനെക്കുറിച്ച് ബിജെപി വെറം ശബ്ദങ്ങള്‍ പുറപ്പെടുവിക്കുകയാണെന്ന് പശ്ചിമ ബംഗാള്‍ പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റും ബെര്‍ഹാംപൂര്‍ എം.പിയുമായ അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
സമൂഹത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാതെ ഏകീകരണത്തിനും ഐക്യത്തിനും വേണ്ടിയാണ് കോണ്‍ഗ്രസ് നിലകൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.