കുവൈത്ത് സിറ്റി - ജോലിയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് സ്വന്തം ഓഫീസില്‍ വെച്ച് മറ്റൊരു ഡോക്ടറെ കൈയേറ്റം ചെയ്യുകയും മര്‍ദിക്കുകയും ചെയ്ത കുവൈത്തി ഡോക്ടറെ കുവൈത്ത് അപ്പീല്‍ കോടതി രണ്ടു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. സര്‍ക്കാര്‍ ആശുപത്രിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിസിഷ്യന്‍സ് മേധാവിയായി സേവനമനുഷ്ഠിക്കുന്ന ഡോക്ടറെയാണ് കോടതി ശിക്ഷിച്ചത്. യാതൊരു ന്യായീകരണവുമില്ലാതെ തന്റെ കക്ഷിയെ പ്രതി സ്വന്തം ഓഫീസിലേക്ക് വിളിച്ചുവരുത്തി തെറിവിളിക്കുകയും മര്‍ദിക്കുകയുമായിരുന്നെന്ന് വാദി ഭാഗം അഭിഭാഷക ഹൗറാ അല്‍ഹബീബ് കോടതിയില്‍ പറഞ്ഞു.
തന്റെ കക്ഷി ജോലിയില്‍ പിഴവ് വരുത്തിയിട്ടുണ്ടെങ്കില്‍ പോലും കൈയേറ്റം ചെയ്യാനും മര്‍ദിക്കാനും യാതൊരുവിധ ന്യായീകരണവുമില്ലെന്നും ഇവര്‍ പറഞ്ഞു. പ്രതി ഡോക്ടറെ മര്‍ദിച്ചതായി സംഭവസ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തിയ സുരക്ഷാ ഉദ്യോഗസ്ഥനും കോടതിയില്‍ മൊഴി നല്‍കി. ഡോക്ടറെ പ്രതി മര്‍ദിച്ചത് തങ്ങള്‍ കണ്ടതായി മറ്റു രണ്ടു ഡോക്ടര്‍മാരും കോടതിയില്‍ സാക്ഷി മൊഴികള്‍ നല്‍കിയിരുന്നു.