തൃശൂര്‍- തൃശൂരില്‍ അധ്യാപകന്റെ മുട്ടുകാല്‍ തല്ലിയൊടിക്കുമെന്ന് എസ്.എഫ്.ഐയുടെ കൊലവിളി ഭീഷണി. തൃശൂര്‍ മഹാരാജാസ് ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഓഫീസ് റൂമില്‍ കയറിയാണ് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ഹസന്‍ മുബാറക് ഉള്‍പ്പെടെ ഉള്ളവര്‍ ഭീഷണി മുഴക്കിയത്. അധ്യപകന്റെ കാല്‍മുട്ട് തല്ലി ഒടിക്കുമെന്നും പുറത്തേക്കിറങ്ങിയാല്‍ കാണിച്ചു തരാമെന്നും താന്‍ എസ്.എഫ്.ഐയുടെ ജില്ലാ സെക്രട്ടറിയാണെന്നും പറയുന്നുണ്ട്.
ഇക്കഴിഞ്ഞ 25നുണ്ടായ സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
ഇക്കഴിഞ്ഞ 21ന് കോളേജിലെ വിദ്യാര്‍ത്ഥി ധരിച്ചുവന്ന തൊപ്പിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലവിളി ഭീഷണിയിലെത്തിയത്. വിദ്യാര്‍ത്ഥി ധരിച്ച തൊപ്പി മാറ്റണമെന്ന് അന്ന് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ചുമതലയില്‍ ഉണ്ടായിരുന്ന അദ്ധ്യാപകന്‍ ദിലീപ് ആവശ്യപ്പെട്ടുവത്രെ. മാറ്റാതിരുന്നതിനെ തുടര്‍ന്ന് നിര്‍ബന്ധപൂര്‍വം മാറ്റുകയായിരുന്നു. ഇതിനെതിരെ അന്ന് എസ്.എഫ്.ഐ പ്രിന്‍സിപ്പലിനെ ഉപരോധിക്കലും സമരങ്ങളും സംഘടിപ്പിച്ചിരുന്നു.
വിഷയം അന്ന് അവസാനിച്ചതിനു ശേഷം 25നാണ് ജില്ലാ സെക്രട്ടറി ഹസന്‍ മുബാറക്കിന്റെ നേതൃത്വത്തിലുള്ള സംഘം ഓഫീസില്‍ എത്തി ഭീഷണിപ്പെടുത്തിയത്. ഇതിനിടയില്‍ പ്രിന്‍സിപ്പലായി മിനിമോള്‍ ചുമതലയേറ്റതോടെ ദിലീപ് ചുമതല ഒഴിഞ്ഞിരുന്നു. കോളേജിന് പുറത്തു നിന്നുള്ള സംഘമാണ് ഭീഷണിയുമായി എത്തിയതെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു. പ്രിന്‍സിപ്പലിന്റെ പരാതിയില്‍ തൃശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന ആറ് പേര്‍ക്കെതിരെയാണ് പരാതി. സി.സി.ടി.വി ദൃശ്യങ്ങളും പോലീസിന് കൈമാറിയിട്ടുണ്ട്.