ന്യൂദല്‍ഹി- താന്‍ മൊഴി നല്‍കിയതാണെന്ന് അവകാശപ്പെട്ട് ദല്‍ഹി പോലീസ് കള്ളക്കഥകള്‍ മെനയുകയാണെന്ന് വസ്തുതാന്വേഷണ വെബ് സൈറ്റായ ആള്‍ട് ന്യൂസിന്റെ സഹസ്ഥാപന്‍ മുഹമ്മദ് സുബൈര്‍ ദല്‍ഹി കോടതിയില്‍ ബോധിപ്പിച്ചു.
പ്രശസ്തി നേടുന്നതിനായാണ് താന്‍ മതവികാരം വ്രണപ്പെടുത്തുന്ന ഉള്ളടക്കം പോസ്റ്റ് ചെയ്‌തെന്ന സിറ്റി പോലീസിന്റെ വാദവും അദ്ദേം നിഷേധിച്ചു.
2018ല്‍ ഹിന്ദു ദൈവത്തിനെതിരെ ആക്ഷേപകരമായ ട്വീറ്റ് ചെയ്തുവെന്നാണ് മുഹമ്മദ് സുബൈര്‍ നേരിടുന്ന കേസ്.
മൊഴി നല്‍കിയെന്ന പേരില്‍ ദല്‍ഹി പോലീസ് തെറ്റായ കഥകള്‍ ആരോപിക്കുകയാണെന്നും ഇത് നിയമവാഴ്ചയെ അട്ടിമറിക്കുന്നതും നിയമ പ്രക്രിയയെ പരിഹസിക്കുന്നതാണെന്നും സുബൈര്‍ അവകാശപ്പെട്ടു. ദുരുദ്ദേശ്യത്തോടെയാണ് തന്റെ വസതിയില്‍ റെയ്ഡ് നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേസില്‍ ചില ഉപകരണങ്ങള്‍ വീണ്ടെടുക്കുന്നതുമായി ബന്ധപ്പെട്ട് താന്‍ ഒരു വെളിപ്പെടുത്തല്‍ പ്രസ്താവനയും നടത്തിയിട്ടില്ലെന്നും അതൊക്കെ കെട്ടിച്ചമച്ചതാണെന്നും കേസിന്റെ അന്വേഷണത്തെക്കുറിച്ച് ദല്‍ഹി പോലീസ് സമര്‍പ്പിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് മുഹമ്മദ് സുബൈര്‍ ബോധിപ്പിച്ചു.
സുബൈര്‍ പോലീസ് കസ്റ്റഡിയിലായിരിക്കെ ഒരു ലാപ്‌ടോപ്പും രണ്ട് ഇന്‍വോയ്‌സുകളും ഒരു ഹാര്‍ഡ് ഡിസ്‌കും അദ്ദേഹത്തിന്റെ ബംഗളൂരുവിലെ വസതിയില്‍ നിന്ന് കണ്ടെടുത്തതായി സെപ്റ്റംബറില്‍ സമര്‍പ്പിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ ദല്‍ഹി പോലീസ് കോടതിയെ അറിയിച്ചിരുന്നു.
കേസില്‍ തന്റെ അറസ്റ്റിനും തിരച്ചിലിനും പിടിച്ചെടുക്കലിനും എതിരെ സുബൈര്‍ നല്‍കിയ ഹരജിയിലാണ് സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ട്വിറ്ററില്‍ പോസ്റ്റുചെയ്യാന്‍ താന്‍ ഉപയോഗിച്ച ലാപ്‌ടോപ്പും മൊബൈല്‍ ഫോണും വസതിയിലുണ്ടെന്ന് താന്‍ വെളിപ്പെടുത്തിയെന്നത് തികച്ചും കെട്ടിച്ചമച്ചതാണെന്നും പൂര്‍ണ്ണമായും നിഷേധിക്കുന്നുവെന്നും മുഹമ്മദ് സുബൈര്‍ പറഞ്ഞു.