കൊച്ചി- മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പിറന്നാള്‍ ആശംസ നേരാനായി നേരിട്ടെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ആലുവ പാലസ് ഗസ്റ്റ് ഹൗസില്‍ എത്തിയാണ് മുഖ്യമന്ത്രി പിണറായി ഉമ്മന്‍ചാണ്ടി ജന്മദിനാശംസകള്‍ നേര്‍ന്നത്. മകന്‍ ചാണ്ടി ഉമ്മനോട് ആരോഗ്യവിവരങ്ങള്‍ ചോദിച്ചറിഞ്ഞു. വിദഗ്ധ ചികിത്സയ്ക്കായി ഉമ്മന്‍ചാണ്ടി ജര്‍മനിയിലേക്ക് പോകാനിരിക്കെയാണ് മുഖ്യമന്ത്രി നേരില്‍ കാണാന്‍ എത്തിയത്.
കൊച്ചി രാജഗിരി ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം ആലുവ പാലസില്‍ വിശ്രമത്തിലാണ് ഉമ്മന്‍ചാണ്ടി. നടന്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ളവര്‍ നേരിട്ടെത്തി ഉമ്മന്‍ചാണ്ടിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരുന്നു. വൈകീട്ട് ആറരയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉമ്മന്‍ചാണ്ടിയെ കാണാന്‍ നേരിട്ടെത്തിയത്. കുടുംബവുമായും അദ്ദേഹം സംസാരിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പൊന്നാട അണിയിച്ചു. മുഖ്യമന്ത്രിയെത്തുമ്പോള്‍ എം.പിമാരായ ജെബി മേത്തറും ആന്റോ ആന്റണിയും അന്‍വര്‍ സാദത്ത് എം.എല്‍.എയും ആലുവ പാലസില്‍ ഉണ്ടായിരുന്നു.
നേരത്തെ, പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി പ്രവര്‍ത്തകരും നേതാക്കളും കേക്ക് മുറിച്ചു. ചലച്ചിത്രതാരം മമ്മൂട്ടി, സ്പീക്കര്‍ എ.എന്‍.ഷംസീര്‍, വ്യവസായി യൂസഫലി തുടങ്ങിയവര്‍ ഗസ്റ്റ് ഹൗസിലെത്തി ആശംസകള്‍ നേര്‍ന്നു. രാജഗിരി ആശുപത്രിയിലെ ചികിത്സയിലായിരുന്ന ഉമ്മന്‍ചാണ്ടി നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഈ ആഴ്ചതന്നെ ജര്‍മനിയിലേക്ക് പോകും. മകന്‍ ചാണ്ടി ഉമ്മന്‍, മകള്‍ മറിയം ഉമ്മന്‍, ബെന്നി ബഹനാന്‍ എം.പി. എന്നിവര്‍ അദ്ദേഹത്തോടൊപ്പം പോയേക്കും.