Sorry, you need to enable JavaScript to visit this website.

വാവ സുരേഷിനു പോകേണ്ടി വന്നില്ല; സ്വീഡനില്‍ പുറത്തു ചാടിയ രാജവെമ്പാല തിരികെ എത്തി

തിരുവനന്തപുരം- സ്വീഡനിലെ മൃഗശാലയില്‍നിന്ന് പുറത്തു ചാടിയ ഉഗ്രവിഷമുള്ള രാജവെമ്പാല തിരികെ മൃഗശാലയിലെത്തി. കാണാതായി ഒരാഴ്ചക്കു ശേഷമാണ് ഹൗഡിനി എന്ന് പേരുള്ള ഏഴടി നീളമുള്ള രാജവെമ്പാലതിരികെ എത്തിയത്.
കേരളത്തില്‍ നിന്ന് വാവാ സുരേഷിനെ എത്തിച്ച് പാമ്പിനെ പിടികൂടാമെന്ന തീരുമാനത്തില്‍ അധികൃതര്‍ എത്തിയിരുന്നു. ഇതിനായി പ്രത്യേക വിമാനവും തയ്യാറാകുന്നതിനിടെയാണ് ഹൗഡിനിയുടെ തിരിച്ചുവരവ്.

സ്വീഡന്‍ സര്‍ക്കാരിന്റെ പ്രതിനിധി വിളിക്കുമെന്നും യാത്രയ്ക്കു കരുതിയിരിക്കണമെന്നുമുളള സന്ദേശം ഇന്നലെ സുരേഷിന് ലഭിച്ചിരുന്നു. അമേരിക്കയിലെ വൈറ്റ് ഹൗസിലെ മലയാളി ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചിരുന്നത്.  

വാവ സുരേഷ് കേരളീയനായതിനാല്‍ സ്‌പെയിനിലെ ഉന്നത ഉദ്യോഗസ്ഥന്‍ അദ്ദേഹത്തിന്റെ സുഹൃത്തായ വൈറ്റ് ഹൗസിലെ മലയാളി ഉദ്യോഗസ്ഥനുമായി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു.
സ്വീഡിനിലെ 22 ശതമാനം ജനങ്ങളും വസിക്കുന്ന തലസ്ഥാന നഗരമാണ് സ്‌റ്റോക്ക് ഹോം. അവിടത്തെ മൃഗശാലയില്‍ നിന്ന് എങ്ങനെയോ ഇഴഞ്ഞുപോയ രാജവെമ്പാല ജനവാസ കേന്ദ്രത്തില്‍ എത്തിയേക്കാമെന്നായിരുന്നു ഭീതി. തണുപ്പുകാലം തുടങ്ങിയതിനാല്‍ പാമ്പിനെ പിടിക്കുക പ്രയാസമായി. അതിനാല്‍ ജനങ്ങള്‍ ഏറെ പരിഭ്രാന്തരായിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു വിദഗ്ദ്ധനെ എത്തിച്ച് പാമ്പിനെ കണ്ടെത്താന്‍ മൃഗശാല അധികൃതര്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞപ്പോഴാണ് വാവ സുരേഷിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.

 

Latest News