തിരുവനന്തപുരം - പാറശ്ശാലയിലെ ബിരുദ വിദ്യാർത്ഥി ഷാരോൺ രാജിനെ കാമുകി വകവരുത്താൻ ഇടയാക്കിയത് സ്വകാര്യ ചിത്രങ്ങൾ ലഭിക്കാത്തതിലുള്ള വൈരാഗ്യമെന്ന് വെളിപ്പെടുത്തൽ. തന്റെ സ്വകാര്യ ചിത്രങ്ങളും മറ്റു ദൃശ്യങ്ങളും പ്രതിശ്രുത വരന് കൈമാറുമെന്ന ഭയം തനിക്കുണ്ടായിരുന്നുവെന്ന് പ്രതി ഗ്രീഷ്മ പോലീസിനോട് പറഞ്ഞു. പല പ്രാവശ്യം ചിത്രങ്ങൾ ആവശ്യപ്പെട്ടിട്ടും ആത്മഹത്യാ ഭീഷണി മുഴക്കിയിട്ടും ഷാരോൺ അവ നൽകാൻ വഴങ്ങിയില്ലെന്നും ഇതാണ് ഷാരോണിന് വിഷകഷായം നൽകാൻ ഇടവരുത്തിയതെന്നുമാണ് ഗ്രീഷ്മയുടെ മൊഴി.
ഷാരോണിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച വിഷക്കുപ്പി പറമ്പിൽ ഉപേക്ഷിച്ചു. പെരുമാറ്റത്തിൽ ശ്രദ്ധ പുലർത്താൻ ശ്രമിച്ചെന്നും ഷാരോണിന്റെ മരണശേഷം ചോദ്യം ചെയ്യൽ എങ്ങനെ നേരിടാമെന്ന് ഗൂഗിളിൽ തെരഞ്ഞെന്നും ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു.
അതിനിടെ, ആത്മഹത്യ ശ്രമത്തെ തുടർന്ന് ഗ്രീഷ്മ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഐ.സി.യുവിലാണ്. ഗുരുതരാവസ്ഥയിലല്ലെന്നാണ് റിപ്പോർട്ട്. ഗ്രീഷ്മയുടെ അറസ്റ്റ് പോലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും.