Sorry, you need to enable JavaScript to visit this website.

നിറച്ചും ബീഫാണ്, കാഡ്ബറി ഉപയോഗിക്കരുതേ,  ബഹിഷ്‌കരണ കാമ്പയിന്‍ തകൃതി 

അഹമ്മദാബാദ്- പലപ്പോഴും ബാലിശമായതും യാതൊരു പ്രസക്തിയുമില്ലാത്ത കാരണങ്ങള്‍ കൊണ്ട് ബോയ്‌കോട്ട് ആഹ്വാനം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് കേള്‍ക്കാറുണ്ട്. അത്തരത്തില്‍ പുതിയ ബഹിഷ്‌കരണാഹ്വാനത്തിന്റെ ഇരയായി തീര്‍ന്നിരിക്കുന്നത് ചോക്‌ളേറ്റ് ഉത്പന്നങ്ങളിലൂടെ ഇന്ത്യക്കാര്‍ക്ക് പ്രിയങ്കരമായ ബ്രാന്‍ഡായ 'കാഡ്ബറി' ആണ്. ഹൈന്ദവ വിശ്വസങ്ങളെ ഹനിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നു എന്ന പേരിലാണ് കാഡ്ബറിയ്ക്ക് നേരെ ട്വിറ്റര്‍ അടക്കമുള്ള  സോഷ്യല്‍ മീഡിയ പ്‌ളാറ്റ്ഫോമുകളില്‍ വലിയ രീതിയില്‍ പ്രതിഷേധമുയരുന്നത്. ബീഫില്‍ നിന്നും ഉത്പാദിപ്പിക്കുന്ന 'ജെലാറ്റിനാണ്' കാഡ്ബറി അവരുടെ ഉത്പന്നങ്ങളില്‍ ഉപയോഗിക്കുന്നത് എന്നാണ് ബഹിഷ്‌കരണം ആവശ്യപ്പെടുന്നവരുടെ ആരോപണം. ഇതിന് അടിസ്ഥാനമായി  കാഡ്ബറിയുടേത് എന്ന രീതിയില്‍ ഒരു വെബ്ബ് സ്‌ക്രീന്‍ ഷോട്ടും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് കാഡ്ബറിയുടെ ഓസ്‌ട്രേലിയയില്‍ നിന്നുള്ള പഴയ വെബ്ബ് പേജിന്റേതാണ്. 
ഹൈന്ദവ വിശ്വാസത്തെ മുറിവേല്‍പ്പിക്കുന്നതിനാല്‍ ഇന്ത്യക്കാര്‍ കാഡ്ബറി ഉപയോഗിക്കുന്നത് നിര്‍ത്തണമെന്നും പകരം ഇന്ത്യന്‍ മധുര പലഹാരങ്ങള്‍ മാത്രം തെരഞ്ഞെടുക്കണമെന്നുമാണ് സോഷ്യല്‍ മീഡിയ വഴി വലിയ തോതില്‍ പ്രചരണം നടക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന കാഡ്ബറി ഉല്‍പ്പന്നങ്ങളില്‍ പച്ച നിറത്തിലുള്ള മുദ്ര കാണുവാന്‍ സാധിക്കും. 100 ശതാനം വെജിറ്റേറിയന്‍ ഉത്പന്നങ്ങള്‍ക്കാണ് സാധാരണയായി ഈ മുദ്രണം നല്‍കാറുള്ളത്. എന്നാല്‍ ഇതൊന്നും വിദ്വേഷ പ്രചാരണത്തിന് കച്ച കെട്ടിയിറങ്ങിയവര്‍ കാര്യമാക്കാറില്ലല്ലോ. 
 

Latest News