റാഞ്ചി- ജാർഖണ്ഡിൽ പതിനാറുകാരിയെ ബലാൽസംഗം ചെയ്ത സംഭവത്തിൽ നാട്ടു കോടതി പിഴയിട്ടതിനു പ്രതികാരമായി പീഡനത്തിനിരയായ പെൺകുട്ടിയെ വീട്ടിനുള്ളിലിട്ട് ചുട്ടുകൊന്ന കേസിൽ 14 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആറു പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു. ചാത്ര ജില്ലയിൽ വെള്ളിയാഴ്ചയാണ് പെൺകുട്ടി ദാരുണമായി കൊലചെയ്യപ്പെട്ടത്. മദ്യപിച്ചെത്തിയ നാലംഗ സംഘം വ്യാഴാഴ്ച രാത്രി വീട്ടിൽ നിന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാൽസംഗം ചെയ്തതായി പിതാവ് ഗ്രാമ മുഖ്യനോടും പഞ്ചായത്ത് അംഗങ്ങളോടും പരാതിപ്പെട്ടിരുന്നു. വീട്ടുകാർ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പുറത്തു പോയതിനാൽ പെൺകുട്ടി ഒറ്റക്കായ സമയത്താണ് ആക്രമികളെത്തി തട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ സ്ഥലത്തു വച്ച് കൂട്ടബലാൽസംഗം ചെയ്തത്. പിതാവിന്റെ പരാതിയെ തുടർന്ന് പ്രതികൾക്ക് നൂറ് തവണ ഏത്തമിടലും 50,000 രൂപ പിഴയും നാട്ടു കോടതി ശിക്ഷയായി വിധിക്കുകയും ചെയ്തിരുന്നു.
ഇതിനു പ്രതികാരമായാണ് പ്രതികൾ വെളളിയാഴ്ച പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചെത്തി മാതാപിതാക്കളെ തല്ലിച്ചതക്കുകയും മുറിക്കുള്ളിലിട്ട് പെൺകുട്ടിയെ ജീവനോടെ തീയിട്ട് കൊല്ലുകയും ചെയ്തത്.
പെൺകുട്ടികൾ വ്യാപകമായി ബലാൽസംഗത്തിനിരയാകുന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ രാജ്യമൊട്ടാകെ രോഷം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. പെൺകുട്ടികളെ ബലാൽസംഗം ചെയ്യുന്നവർക്കുള്ള ശിക്ഷ കടുപ്പിക്കാൻ കേന്ദ്ര സർക്കാർ നിയമഭേദഗതിയുടമായി മുന്നോട്ടു പോകുന്നതിനിടെയാണ് ജാർഖണ്ഡിൽ നിന്നും ഈ സംഭവം പുറത്തു വരുന്നത്.