കൊല്‍ക്കത്ത- ചീഫ് ജസ്റ്റിസ് യു.യു. ലളിതിനെ പ്രകീര്‍ത്തിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കഴിഞ്ഞ രണ്ട് മാസത്തിനിടെ രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലുള്ള പൊതുജന വിശ്വാസം വീണ്ടെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ടെന്ന് മമത പറഞ്ഞു.
ചീഫ് ജസ്റ്റിസ് യു.യു. ലളിതിനെ അഭിനന്ദിക്കാനുള്ള ശരിയായ വേദി ഇതാണോ എന്ന് എനിക്കറിയില്ല. എന്നാല്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലുള്ള പൊതുവിശ്വാസം വളരെയധികം പുനഃസ്ഥാപിക്കപ്പെട്ടുവെന്ന് പറയാതിരിക്കാന്‍ കഴിയില്ല. ആരാധനാലയം പോലെയാണ് കോടതി. നീതി പ്രതീക്ഷിച്ച് ആളുകള്‍ നിയമ വാതിലുകളില്‍ മുട്ടുന്നു. അതിനാല്‍, നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങളുടെ വിശ്വാസം നിലനില്‍ക്കേണ്ടത് പ്രധാനമാണ്- പശ്ചിമ ബംഗാള്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജുഡീഷ്യല്‍ സയന്‍സസിന്റെ 14ാമത് ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി മമത.
ചീഫ് ജസ്റ്റിസ് യു.യു. ലളിത്, കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, ബംഗ്ലാദേശ് ചീഫ് ജസ്റ്റിസ് ഹസന്‍ ഫൗസ് സിദ്ദിഖ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഇന്ത്യയിലെ ഫെഡറല്‍ ജനാധിപത്യ സംവിധാനം നേരിടുന്ന ഭീഷണികളിലേക്ക് അവര്‍ വിരല്‍ ചൂണ്ടി. നമ്മുടെ സാമൂഹിക അന്തസ്സ് നഷ്ടപ്പെട്ടാല്‍ നമുക്ക് എല്ലാം നഷ്ടപ്പെടും. അതിനാല്‍, ജനാധിപത്യത്തിന്റെ ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ട എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്- മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളെ അനാവശ്യമായി ഉപദ്രവിക്കുന്നത് ഇക്കാലത്ത് പലമടങ്ങ് വര്‍ധിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും നേരിട്ട് പരാമര്‍ശിക്കാതെ മമത പറഞ്ഞു. എല്ലാ ജനാധിപത്യ ശക്തികളെയും ഒരു വിഭാഗം ആളുകള്‍ കൊന്നൊടുക്കുകയാണ്. ഇത് തുടര്‍ന്നാല്‍ രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങിയേക്കും. അപ്പോള്‍ ജനാധിപത്യം എവിടെ നിലനില്‍ക്കും? അതിനാല്‍, ദയവായി ജനാധിപത്യം സംരക്ഷിക്കുക, അതാണ് എന്റെ ഒരേയൊരു അഭ്യര്‍ത്ഥന- മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമങ്ങളേയും മമത രൂക്ഷമായി ആക്രമിച്ചു. മാധ്യമങ്ങള്‍ പലപ്പോഴും സമാന്തര വിചാരണ നടത്തുകയാണെന്ന് അവര്‍ ആരോപിച്ചു. മാധ്യമങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥയെ പോലെ ആജ്ഞാപിക്കാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞു.