തിരുവനന്തപുരം- മ്യൂസിയത്തില്‍ യുവതിയെ ആക്രമിച്ചതും കുറവന്‍കോണത്ത് വീട്ടില്‍ കയറിയതും ഒരാളല്ലെന്ന വിലയിരുത്തലില്‍ പോലീസ്. സ്ത്രീയെ ആക്രമിച്ചയാള്‍ ഉയരമുള്ള, ശാരീരിക ക്ഷമതയുള്ളയാളാണ്. കുറവന്‍കോണത്ത് വീട്ടില്‍ കയറാന്‍ ശ്രമിച്ചയാളുടെ ശരീരഘടന മറ്റൊന്നാണെന്ന് പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഈ നിഗമനത്തിലെത്തിയത്. ഇതുവരെ എട്ടുപേരെ ചോദ്യം ചെയ്ത് തിരിച്ചറിയല്‍ പരേഡ് നടത്തി വിട്ടയച്ചു. ആരേയും യുവതി തിരിച്ചറിഞ്ഞില്ല.
പ്രതി കാറില്‍ മ്യൂസിയം ജംഗ്ഷനില്‍നിന്ന് നന്ദാവനം വഴി ബേക്കറി ജംഗ്ഷനിലെത്തി അവിടെനിന്ന് പാളയത്തേക്കു പോയെന്നാണ് കണ്ടെത്തല്‍. ഇതിനിടെ കുറവന്‍കോണത്തെ അശ്വതിയുടെ വീട്ടില്‍ ഇന്നലെയും അജ്ഞാതന്‍ കയറി. എല്ലാ ദൃശ്യങ്ങളിലുമുള്ളത് ഒരാള്‍ തന്നെയെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ഡി.സി.പി അജിത് കുമാര്‍ പറഞ്ഞു.