സി.എ.എക്കെതിരായ 232 ഹരജികള്‍ സുപ്രീം കോടതി നാളെ പരിഗണിക്കും

ന്യൂദല്‍ഹി- വിവാദമായ പൗരത്വ ഭേദഗതി ിയമത്തിന്റെ (സിഎഎ) ഭരണഘടനാ സാധുത ചോദ്യം  ചെയ്യുന്ന പൊതുതാല്‍പര്യ ഹര്‍ജികള്‍ സുപ്രീം കോടതി നാളെ (തിങ്കള്‍) പരിഗണിക്കും.  ഒമ്പത് ദിവസത്തെ ദീപാവലി അവധിക്ക് ശേഷം സുപ്രീം കോടതി വീണ്ടും തുറക്കുകയാണ്.
ചീഫ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത്, ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി എന്നിവരടങ്ങുന്ന ബെഞ്ചാണ് സിഎഎ വിഷയത്തില്‍ മാത്രം നാളെ 232 ഹരജികള്‍ പരിഗണിക്കാന്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
സിഎഎയെ ചോദ്യം ചെയ്യുന്ന ഹരജികള്‍ മൂന്നംഗ ബെഞ്ചിന് വിടുമെന്ന് നവംബര്‍ എട്ടിന് വിരമിക്കുന്ന ചീഫ് ജസ്റ്റിസ് ലളിത് അധ്യക്ഷനായ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ക്രിസ്ത്യന്‍, ജൈന, പാഴ്‌സി സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ നിര്‍ദേശിക്കുന്ന 2019ലെ ഭേദഗതി നിയമത്തില്‍നിന്ന്  മുസ്ലിംകളെ ഒഴിവാക്കിയത് പ്രതിപക്ഷ പാര്‍ട്ടികളുടെയും നേതാക്കളുടെയും  രൂക്ഷമായ വിമര്‍ശനം ക്ഷണിച്ചു വരുത്തിയിരുന്നു.
ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗാണ്  വിഷയത്തില്‍ പ്രധാന ഹരജി സമര്‍പ്പിച്ചത്.
കേന്ദ്രത്തിന്റെ വാദം കേള്‍ക്കാതെ പൗരത്വ ഭേദഗതി നിയമം സ്‌റ്റേ ചെയ്യില്ലെന്ന് 2020 ജനുവരിയില്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
സിഎഎയെ ചോദ്യം ചെയ്യുന്ന  ഹരജികളില്‍ നാലാഴ്ചയ്ക്കുള്ളില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പ്രതികരണം തേടിയ കോടതി ഈ വിഷയത്തിലുള്ള ഹരജികളില്‍ തീര്‍പ്പുകല്‍പിക്കുന്ന നടപടികളില്‍ നിന്ന് രാജ്യത്തെ ഹൈക്കോടതികളെ വിലക്കിയിരുന്നു.
 നിയമം തുല്യതയ്ക്കുള്ള മൗലികാവകാശത്തെ ലംഘിക്കുന്നുവെന്നും മതത്തിന്റെ അടിസ്ഥാനത്തില്‍  ഒഴിവാക്കല്‍ നടത്തി അനധികൃത കുടിയേറ്റക്കാരില്‍ ഒരു വിഭാഗത്തിന് പൗരത്വം നല്‍കാന്‍ ഉദ്ദേശിക്കുന്നുവെന്നും മുസ്ലിം ലീഗ് ആരോപിച്ചിരുന്നു.
കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ്, ആര്‍ജെഡി നേതാവ് മനോജ് ഝാ, തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര, എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി എന്നിവര്‍ ഉള്‍പ്പെടെ ഭേദഗതി ചെയ്ത നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് നിരവധി ഹരജികള്‍ സമര്‍പ്പിച്ചിട്ടുണ്ട്.

 

Latest News