Sorry, you need to enable JavaScript to visit this website.

കിവംദന്തികള്‍ പ്രചരിപ്പിക്കരുതെന്ന് ബി.ജെ.പി പ്രസിഡണ്ടിനോട് തമിഴ്‌നാട് പോലീസ്

ചെന്നൈ-കോയമ്പത്തൂര്‍ കാര്‍ സിലിണ്ടര്‍ സ്‌ഫോടനക്കേസ് എന്‍ഐഎയ്ക്ക് കൈമാറുന്നതില്‍ കാലതാമസമുണ്ടായെന്ന ആരോപണങ്ങള്‍ തള്ളി തമിഴ്‌നാട് പോലീസ്.
പോലീസ് വകുപ്പിനെ അപകീര്‍ത്തിപ്പെടുത്താന്‍ ബി.ജെ.പി അധ്യക്ഷന്‍ കെ.അണ്ണാമലൈ കിംവദന്തികള്‍ പ്രചരിപ്പിക്കുകയാണെന്ന് പോലീസ് ആരോപിച്ചു. കാര്‍ സിലിണ്ടര്‍ സ്‌ഫോടന കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറുന്നതില്‍ കാലതാമസം ഉണ്ടായിട്ടില്ല.
ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (ഡിഎംകെ) അനുബന്ധ ഘടകം പോലെയാണ് സംസ്ഥാന പൊലീസ് പെരുമാറുന്നതെന്ന് അണ്ണാമലൈ ആരോപിച്ചിരുന്നു.
തമിഴ്‌നാട് പോലീസിലെ കഠിനാധ്വാനികളായ സഹോദരീസഹോദരന്മാരോട് ഏറ്റവും വലിയ ബഹുമാനമുണ്ട്. എന്നാല്‍  സംസ്ഥാന പോലീസിലെ ഡി.ജി.പിയും എ.ഡി.ജി.പിയും ഡിഎംകെ പാര്‍ട്ടിയുടെ ഘടകം പോലെയാണ് പെരുമാറുന്നതെന്നും ബിജെപി അധ്യക്ഷന്‍ പ്രസ്താവിച്ചിരുന്നു. എന്നാല്‍ ബിജെപി അധ്യക്ഷന്‍ പറഞ്ഞത് വസ്തുതാപരമായി തെറ്റാണെന്ന് പോലീസ് ആരോപിച്ചു.
ബിജെപി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ തമിഴ്‌നാട് പോലീസിനെ നിരന്തരം അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് സംസ്ഥാന പോലീസ് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. സിലിണ്ടറിനേയും കാറിനേയും കുറിച്ച് അന്വേഷണം നടക്കുമ്പോള്‍ അണ്ണാമലൈ അന്വേഷണത്തില്‍ തുടര്‍ച്ചയായി ഇടപെടുകയായിരുന്നു. അന്വേഷണം വഴിതിരിച്ചുവിടാനാണ് അണ്ണാമലൈ ശ്രമിക്കുന്നതെന്നും പോലീസ് ആരോപിച്ചു.
ഈ കേസ് എന്‍ഐഎയ്ക്ക് കൈമാറാന്‍ വൈകിയെന്നാണ് അണ്ണാമലൈ ആരോപിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ലോക്കല്‍ പോലീസ് മാത്രമേ കേസെടുക്കൂ. എല്ലാ സംസ്ഥാനങ്ങളും ഈ നടപടിക്രമം പിന്തുടരുന്നു. ഇതാണ് നിയമം. യുഎപിഎ ചുമത്തപ്പെടുമ്പോഴോ ചില കേസുകള്‍ എന്‍ഐഎ നിയമത്തിന്റെ കീഴില്‍ വരുമ്പോഴോ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തന്നെ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കും. തുടര്‍ന്ന് 15 ദിവസത്തിനകം കേസ് കേന്ദ്ര സര്‍ക്കാരിന് കേസ് എന്‍ഐഎയ്ക്ക് കൈമാറാം. ഇതാണ് നിയമം. എന്നാല്‍ പ്രായോഗികമായി, എന്‍ഐഎയില്‍ നിന്ന് അഭിപ്രായം നേടിയ ശേഷം, കേസ് ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മാസങ്ങള്‍ പോലും എടുക്കുന്നു. അതുവരെ സംസ്ഥാന പോലീസ് മാത്രമേ കേസ് കൈകാര്യം ചെയ്യൂ- പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.
പോലീസ് കാലതാമസം കൂടാതെ ഈ നടപടിക്രമം പിന്തുടരുകയും കേസ് എന്‍ഐഎക്ക് കൈമാറുകയും ചെയ്തു. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ തന്നെ വിഷയത്തില്‍ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. കോയമ്പത്തൂരില്‍ ആസൂത്രണം ചെയ്ത സ്‌ഫോടനത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന അണ്ണാമലൈയുടെ അവകാശവാദം തികച്ചും നുണയാണെന്നും പോലീസ് പറഞ്ഞു.

 

 

Latest News